ന്യൂഡല്‍ഹി: ലോകം വെല്ലുവിളികള്‍ നേരിട്ടപ്പോഴും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രതീക്ഷകളെ മറികടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകളെ വിമര്‍ശിച്ചാണ് നരേന്ദ്ര മോഡി ഈ പരാമര്‍ശം നടത്തിയത്.
ഡല്‍ഹിയില്‍ നടന്ന സെമികോണ്‍ ഇന്ത്യ 2025 സമ്മേളനത്തില്‍ സംസാരിച്ച മോഡി ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ ശക്തമായ ജി ഡി പി ചൂണ്ടിക്കാട്ടി. 'വീണ്ടും, ഇന്ത്യ എല്ലാ പ്രതീക്ഷകളേക്കാളും എല്ലാ വിലയിരുത്തലുകളേക്കാളും മികച്ച പ്രകടനം കാഴ്ചവച്ചു' എന്ന് അദ്ദേഹം പറഞ്ഞു. 'ലോക സമ്പദ്വ്യവസ്ഥയില്‍ ആശങ്കകള്‍ ഉള്ള സമയത്ത്, സാമ്പത്തിക സ്വാര്‍ഥത സൃഷ്ടിച്ച വെല്ലുവിളികളുണ്ട്; ആ പരിതസ്ഥിതിയില്‍ ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഡേറ്റ പ്രകാരം ഏപ്രില്‍- ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വാര്‍ഷികാടിസ്ഥാനത്തില്‍ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചു. മുന്‍ പാദത്തില്‍ ഇത് 7.4 ശതമാനമായിരുന്നു. അഞ്ച് പാദങ്ങളിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയായിരുന്നു ഇത്.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു എസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.
ലോകം 'ഇന്ത്യയില്‍ വിശ്വസിക്കുന്നുവെന്ന് ചടങ്ങില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ സെമികണ്ടക്ടര്‍ ചിപ്പുകള്‍ കാണിച്ച് അദ്ദേഹം പറഞ്ഞു. ചിപ്പ് നിര്‍മ്മാണത്തിന്റെ ഭാവി ഒരുമിച്ച് കെട്ടിപ്പടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് ഒരു ദിവസം മുമ്പാണ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ഇന്ത്യയുടെ വ്യാപാര നയങ്ങളെക്കുറിച്ചുള്ള തന്റെ വിമര്‍ശനം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പോസ്റ്റ് ചെയ്തത്. 'പൂര്‍ണ്ണമായും ഏകപക്ഷീയമായ ഒരു ദുരന്തം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ ഒരിക്കല്‍ തീരുവ പൂജ്യത്തിലേക്ക് കുറയ്ക്കാന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ ഈ നീക്കം 'വളരെ വൈകി' വന്നതാണെന്നും അദ്ദേഹം വാദിച്ചു. അമേരിക്കന്‍ കയറ്റുമതിയില്‍ ഉയര്‍ന്ന തീരുവ നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യ യു എസിന് 'വന്‍തോതില്‍ സാധനങ്ങള്‍' വില്‍ക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ന്യൂഡല്‍ഹി റഷ്യന്‍ എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അമേരിക്കന്‍ ബിസിനസുകള്‍ക്ക് അന്യായമാണെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു എസ് ഏര്‍പ്പടുത്തിയ 50 ശതമാനം താരിഫ് അന്യായവും നീതീകരിക്കാനാവാത്തതുമാണെന്ന് ഇന്ത്യ പറഞ്ഞു.