പാറ്റയെ പേടിച്ച് ഇല്ലം ചുടാന്‍ തയ്യാറെടുത്ത് മോഡി സര്‍ക്കാര്‍

പാറ്റയെ പേടിച്ച് ഇല്ലം ചുടാന്‍ തയ്യാറെടുത്ത് മോഡി സര്‍ക്കാര്‍


മെട്രോ നിയന്ത്രണം, ട്രെയിനുകള്‍ റദ്ദാക്കി; ഇന്റര്‍നെറ്റ് വിലക്ക്; ഗതാഗതം വഴിതിരിച്ചുവിടും; ജന്തര്‍ മന്തറിലും പാര്‍ലമെന്റ് സ്ട്രീറ്റിലും കനത്ത സുരക്ഷ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 10 ശനിയാഴ്ച ജന്തര്‍ മന്തറില്‍ നടത്താന്‍ നിശ്ചയിച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. മെട്രോ സ്റ്റേഷനുകളിലെ പ്രവേശന നിയന്ത്രണം, ട്രെയിനുകള്‍ റദ്ദാക്കല്‍, ഗതാഗത നിയന്ത്രണം, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് എന്നിവയുള്‍പ്പെടെയുള്ള നടപടികള്‍ തലസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചേക്കും.

വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണ (എസ് ഐ ആര്‍) നടപടികളില്‍ ക്രമക്കേടുണ്ടായെന്ന ആരോപണമുന്നയിച്ചാണ് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയും (സി ജെ പി) വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടെന്നാരോപിച്ച് ഇന്ത്യാ മുന്നണിയും പ്രത്യേകം പ്രതിഷേധം നടത്തിയിട്ടുണ്ട്.

പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു

ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. അപേക്ഷ വൈകി സമര്‍പ്പിച്ചതും മുന്‍ പ്രതിഷേധത്തിനിടെ ചട്ടലംഘനങ്ങള്‍ ഉണ്ടായെന്ന ആരോപണവുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി എന്‍ എസ് എസ്) 163-ാം വകുപ്പ് പ്രകാരം നിയന്ത്രണ ഉത്തരവുകളും പുറപ്പെടുവിച്ചു. ജന്തര്‍ മന്തര്‍, പാര്‍ലമെന്റ് സ്ട്രീറ്റ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അധിക പൊലീസിനെ വിന്യസിക്കുകയും ചെയ്തു. അനധികൃതമായി ആളുകള്‍ ഒത്തുകൂടുന്നത് തടയാനും തിരക്ക് നിയന്ത്രിക്കാനുമാണ് നടപടി.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് കനത്ത സുരക്ഷ

അശോക റോഡിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കി. സന്‍സദ് മാര്‍ഗ്- അശോക റോഡ് ജംഗ്ഷനു സമീപം ബസ് സ്ഥാപിച്ച് കമ്മീഷന്‍ ഓഫീസിലേക്കുള്ള റോഡിലെ പ്രവേശനം തടഞ്ഞു. ആസ്ഥാനത്തിന് പുറത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വന്‍തോതില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

പ്രതിഷേധവുമായി ബന്ധപ്പെട്ട സാഹചര്യം കണക്കിലെടുത്ത് സമീപപ്രദേശങ്ങളിലും അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

24 മണിക്കൂര്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്ക്

ന്യൂഡല്‍ഹിയിലെ ജന്‍പഥ്- കര്‍ത്തവ്യപഥ് മേഖലയില്‍ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി 10ന് ആരംഭിച്ച നിയന്ത്രണം ശനിയാഴ്ച രാത്രി 10 വരെ തുടരും.

പൊതുസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നും 2024-ലെ ടെലികമ്മ്യൂണിക്കേഷന്‍സ് (സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കല്‍) ചട്ടങ്ങള്‍ പ്രകാരമാണ് ഉത്തരവെന്നും അധികൃതര്‍ അറിയിച്ചു. വിജ്ഞാപനത്തില്‍ വ്യക്തമാക്കിയ പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കാണ് നിയന്ത്രണം ബാധകം.

45 മെട്രോ സ്റ്റേഷനുകളില്‍ പ്രവേശനവും പുറത്തേക്കുള്ള യാത്രയും നിയന്ത്രിക്കും

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ 57 മെട്രോ സ്റ്റേഷനുകള്‍ അടച്ചിടാനുള്ള മുന്‍ തീരുമാനം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി എം ആര്‍ സി) സുപ്രിം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് പരിഷ്‌കരിച്ചു. മെട്രോ, റെയില്‍വേ സേവനങ്ങള്‍ പൂര്‍ണമായി തടസ്സപ്പെടുത്തുന്ന പൊതുവായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പൊലീസിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ പേരില്‍ പൊതുഗതാഗതം പൂര്‍ണമായി നിര്‍ത്തുകയോ സാധാരണ യാത്രക്കാര്‍ക്ക് വ്യാപകമായ ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

പുതുക്കിയ നിര്‍ദേശപ്രകാരം 45 മെട്രോ സ്റ്റേഷനുകളിലെ പ്രവേശന- പുറത്തുകടക്കല്‍ കവാടങ്ങള്‍ ഒക്ടോബര്‍ 9 രാത്രി ഒമ്പതു മുതല്‍ ഒക്ടോബര്‍ 10 വൈകിട്ട് ആറുവരെ അടച്ചിടും. സാഹചര്യം വിലയിരുത്തിയശേഷം നിയന്ത്രണങ്ങള്‍ നീട്ടണമോയെന്ന് സുരക്ഷാ ഏജന്‍സികള്‍ തീരുമാനിക്കും.

ജന്‍പഥ്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ലോക് കല്യാണ്‍ മാര്‍ഗ്, രാജീവ് ചൗക്ക്, ന്യൂഡല്‍ഹി, സേവാ തീര്‍ഥ്, മണ്ടി ഹൗസ്, ബരാഖംബ റോഡ് തുടങ്ങിയ സ്റ്റേഷനുകളെയാണ് നിയന്ത്രണം ബാധിക്കുക. ന്യൂഡല്‍ഹി സ്റ്റേഷന്‍ ഒഴികെയുള്ള നിയന്ത്രിത സ്റ്റേഷനുകളില്‍ ഇന്റര്‍ചേഞ്ച് സൗകര്യം തുടരും. എന്നാല്‍ നിശ്ചിത സമയത്ത് യാത്രക്കാര്‍ക്ക് ഈ സ്റ്റേഷനുകളിലൂടെ പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയില്ല. യാത്രയ്ക്കുമുമ്പ് ഡി എം ആര്‍ സിയുടെ ഏറ്റവും പുതിയ അറിയിപ്പുകള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും

പ്രതിഷേധവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ശനിയാഴ്ച ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടാകാമെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി.

സാഹചര്യമനുസരിച്ച് രാവിലെ ആറുമുതല്‍ ധൗള കുവാന്‍, മണ്ടി ഹൗസ്, കണോട്ട് പ്ലേസ്, ജന്തര്‍ മന്തര്‍ റോഡ്, പട്ടേല്‍ ചൗക്ക്, സന്‍സദ് മാര്‍ഗ് എന്നിവിടങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിടാന്‍ സാധ്യതയുണ്ട്.

റെയില്‍വേ സ്റ്റേഷനുകളിലേക്കും ബസ് ടെര്‍മിനലുകളിലേക്കും വിമാനത്താവളത്തിലേക്കും പോകുന്നവര്‍ യാത്രയ്ക്കായി അധികസമയം നീക്കിവയ്ക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ജനത്തിരക്കിന്റെയും സുരക്ഷാ സാഹചര്യത്തിന്റെയും അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകാം.

ശനിയാഴ്ച 254 ട്രെയിനുകള്‍ റദ്ദാക്കി

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശനിയാഴ്ച രാവിലെ നാലുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ 254 ട്രെയിനുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇതില്‍ 75 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളും 179 ലോക്കല്‍ ട്രെയിനുകളും ഉള്‍പ്പെടുന്നു.

ഡല്‍ഹിയില്‍നിന്ന് ഗാസിയാബാദ്, മീററ്റ്, പാനിപ്പത്ത്, കുരുക്ഷേത്ര എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളെയും നിയന്ത്രണം ബാധിക്കും. ഹൗറ- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, തേജസ് രാജധാനി എക്‌സ്പ്രസ്, മഗധ് എക്‌സ്പ്രസ്, സമ്പൂര്‍ണ ക്രാന്തി എക്‌സ്പ്രസ്, ഷാന്‍-ഇ-ഭോപ്പാല്‍ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിലുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹിയുടെ പ്രവേശന കവാടങ്ങളിലും സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിനുമുമ്പ് ബന്ധപ്പെട്ട റെയില്‍വേ അധികൃതരില്‍നിന്ന് ട്രെയിന്‍ സര്‍വീസിന്റെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

കൊണാട്ട് പ്ലേസിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കൊണാട്ട് പ്ലേസിലെ കടകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ ശനിയാഴ്ച അടച്ചിടണമെന്ന് ന്യൂഡല്‍ഹി ട്രേഡേഴ്‌സ് അസോസിയേഷന്‍ (എന്‍ ഡി ടി എ) നിര്‍ദേശിച്ചു.

വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ അസോസിയേഷന്‍ പ്രസിഡന്റ് അതുല്‍ ഭാര്‍ഗവ വ്യാപാരികളോടും സ്ഥാപനങ്ങളുടെ നടത്തിപ്പുകാരോടും ജാഗ്രത പാലിക്കാനും നിര്‍ദേശങ്ങളോട് സഹകരിക്കാനും അഭ്യര്‍ഥിച്ചു. പ്രതിഷേധത്തിനിടെ സ്വത്തിനുണ്ടാകാവുന്ന നാശനഷ്ടങ്ങളും ആളുകള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയും കുറയ്ക്കുകയാണ് ലക്ഷ്യം.

കൊണാട്ട് പ്ലേസിലും സമീപപ്രദേശങ്ങളിലും സുരക്ഷാ പരിശോധനകളും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കിയേക്കും. പ്രതിഷേധങ്ങളുടെ പ്രധാന വേദിയായ ജന്തര്‍ മന്തറിലും നിരീക്ഷണം വര്‍ധിപ്പിച്ചിട്ടുണ്ട്.

മദ്യവില്‍പ്പനശാലകള്‍ക്കും അവധി

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ ചില്ലറ മദ്യവില്‍പ്പനശാലകള്‍ ഒക്ടോബര്‍ 10 ശനിയാഴ്ച അടച്ചിടുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി എക്‌സൈസ് വകുപ്പ് പുറപ്പെടുവിച്ച രണ്ടുദിവസത്തെ ഡ്രൈ ഡേ ഉത്തരവിന്റെ ഭാഗമായാണ് നടപടി. അടച്ചിടലുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കും മറ്റ് നിയന്ത്രണങ്ങള്‍ക്കും ഔദ്യോഗിക അറിയിപ്പുകള്‍ പരിശോധിക്കണമെന്ന് ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

ബി എന്‍ എസ് എസ് 163-ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍

സുരക്ഷാ പ്രാധാന്യമുള്ള മേഖലകളില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരമാണ് ഡല്‍ഹി പൊലീസ് നിയന്ത്രണ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ അടിയന്തര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ക്രമസമാധാനം ഉറപ്പാക്കാനും ഈ വകുപ്പ് അധികാരം നല്‍കുന്നു.

ജന്തര്‍ മന്തറിനും പാര്‍ലമെന്റ് സ്ട്രീറ്റിനും സമീപമുള്ള റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത ഒത്തുചേരലുകള്‍ തടയുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള ജനത്തിരക്ക് നിയന്ത്രിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

ഏഴുദിവസത്തെ പ്രതിഷേധത്തിനിടെ 27 കേസുകള്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ലക്ഷ്യമിട്ട് ഏഴുദിവസമായി നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 27 എ്രഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

കൂട്ടായ കുറ്റകൃത്യ ഉത്തരവാദിത്തം, പൊതുഉത്തരവുകളുടെ ലംഘനം, പൊതുപ്രവര്‍ത്തകരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥര്‍ക്കെതിരായ ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒന്നിലധികം പേര്‍ പൊതുവായ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലെ കൂട്ടായ കുറ്റകൃത്യ ഉത്തരവാദിത്തം സംബന്ധിച്ച ഭാരതീയ ന്യായ സംഹിതയിലെ (ബി എന്‍ എസ്) 3(5)ാം വകുപ്പ് 27 കേസുകളില്‍ 22 എണ്ണത്തിലും പ്രയോഗിച്ചു. പൊതുപ്രവര്‍ത്തകന്‍ പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കുന്നതുമായി ബന്ധപ്പെട്ട 223(എ) വകുപ്പ് 18 കേസുകളിലും ഉള്‍പ്പെടുത്തി.

പൊതുപ്രവര്‍ത്തകന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട 221-ാം വകുപ്പ് 17 കേസുകളിലും ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതില്‍നിന്ന് ഉദ്യോഗസ്ഥനെ തടയാന്‍ ആക്രമണമോ ക്രിമിനല്‍ ബലപ്രയോഗമോ നടത്തുന്നതുമായി ബന്ധപ്പെട്ട 132-ാം വകുപ്പ് 17 കേസുകളിലും ചുമത്തിയിട്ടുണ്ട്.

പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്ന നിയമത്തിലെ മൂന്നാം വകുപ്പും ഒമ്പത് കേസുകളില്‍ പ്രയോഗിച്ചു. പരിക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കല്‍, സ്വാതന്ത്ര്യം ഹനിക്കല്‍, ആക്രമണം തുടങ്ങിയ കുറ്റങ്ങളും ചില കേസുകളില്‍ ചുമത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹിയിലെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗതാഗതം, ആശയവിനിമയം, വ്യാപാര പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സുരക്ഷാ നിയന്ത്രണങ്ങള്‍ ബാധിച്ചേക്കാവുന്നതിനാല്‍ ശനിയാഴ്ച യാത്ര ചെയ്യുന്നവര്‍ ഔദ്യോഗിക അറിയിപ്പുകള്‍ പരിശോധിക്കണം.

മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ നിലവിലെ സ്ഥിതി യാത്രയ്ക്കുമുമ്പ് ഉറപ്പാക്കുക.

വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും പോകാന്‍ അധികസമയം നീക്കിവയ്ക്കുക.

ജന്തര്‍ മന്തര്‍, പാര്‍ലമെന്റ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ നിയന്ത്രിത റോഡുകള്‍ ഒഴിവാക്കുക.

കടകള്‍, ഓഫീസുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക.

സുരക്ഷാ സാഹചര്യമനുസരിച്ച് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകാമെന്നതിനാല്‍ ഏറ്റവും പുതിയ അറിയിപ്പുകള്‍ പിന്തുടരുക.

പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തലും അനുസരിച്ചായിരിക്കും നിയന്ത്രണങ്ങളുടെ തുടര്‍നടപടികള്‍ തീരുമാനിക്കുക.