മുസ്‌ലിംകള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗവും വര്‍ധിക്കുന്നു: സുപ്രിം കോടതിയില്‍ ഹര്‍ജി

മുസ്‌ലിംകള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗവും വര്‍ധിക്കുന്നു: സുപ്രിം കോടതിയില്‍ ഹര്‍ജി


ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും രാജ്യത്ത് വര്‍ധിച്ചു വരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

അഭിഭാഷകനായ പി എസ് സുള്‍ഫിക്കര്‍ അലിയാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് സുപ്രിം കോടതി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചാണ് സമസ്ത സുപ്രിം കോടതിയെ സമീപിച്ചത്.

2018ല്‍ തെഹ്‌സീന്‍ പൂനവാല കേസില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് സുപ്രിം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ സുപ്രിം കോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നില്ലെന്നാണ് സമസ്ത ആരോപിക്കുന്നത്. മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.