ടെഹ്‌റാന്‍: ഇറാനിലെ അധികാരികള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്ന 10 ഇന്ത്യന്‍ പൗരന്മാര്‍ക്ക് കോണ്‍സുലര്‍ പ്രവേശനം ലഭ്യമാക്കുന്നതിന് ഔപചാരികമായി അപേക്ഷ നല്‍കിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ തടങ്കലുമായി ബന്ധപ്പെട്ട് ഇറാനുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ അറിയിച്ചു. എം ടി വാലിയന്റ് റോവര്‍ എന്ന എണ്ണ ടാങ്കറിലെ 16 ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് തടഞ്ഞുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. തടവിലായിരിക്കുന്നവരുടെ കുടുംബങ്ങള്‍, മൂന്നാം എന്‍ജിനീയര്‍ കേതന്‍ മേത്തയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ, മോചനത്തിനായി ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ[ിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം യു എ ഇ തീരത്തിനടുത്തുള്ള ദിബ്ബാ തുറമുഖത്തിനടുത്ത് അന്താരാഷ്ട്ര ജലപാതയില്‍ സഞ്ചരിക്കുകയായിരുന്ന എം ടി വാലിയന്റ് റോവര്‍ 2025 ഡിസംബര്‍ 8നാണ് തടഞ്ഞുവെക്കപ്പെട്ടത്. ഏകദേശം 6,000 മെട്രിക് ടണ്‍ ഇന്ധനം അനധികൃതമായി കടത്തിയെന്നാരോപിച്ചാണ് ഇറാന്‍ അധികാരികളുടെ നടപടി. തടവിലായവരില്‍ ഒരാളായ ക്യാപ്റ്റന്‍ വിജയ്യുടെ ബന്ധു പറയുന്നതനുസരിച്ച് ഇറാനിയന്‍ നാവിക സേന കപ്പലില്‍ കയറുകയും പിന്നീട് ബന്ദര്‍ അബ്ബാസിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. തടഞ്ഞുവെച്ചതിന് പിന്നാലെ ഷിപ്പിംഗ് കമ്പനിയുമായി ഏകോപിപ്പിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് ക്യാപ്റ്റന്‍ സന്ദേശം അയച്ചിരുന്നുവെങ്കിലും പിന്നീട് ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.
ഷിപ്പിംഗ് ഓപ്പറേറ്ററും റിക്രൂട്ട്‌മെന്റ് ഏജന്‍സിയും ക്രൂ അംഗങ്ങളെ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിച്ചെങ്കിലും കുറ്റങ്ങള്‍ സംബന്ധിച്ച് വ്യക്തത നല്‍കാന്‍ കഴിഞ്ഞില്ല. വിഷയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനു പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിലേക്കും ഇറാനിയന്‍ കോണ്‍സുലേറ്റിലേക്കും കൈമാറി.
ഇറാനിലെ ചാബഹാര്‍ തുറമുഖത്തിലെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കുന്ന ഉപരോധ ഇളവ് നീട്ടുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഇന്ത്യ സ്ഥിരീകരിച്ചു. 2025 ഒക്ടോബറില്‍ യു എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച ഈ ഇളവ് 2026 ഏപ്രില്‍ 26 വരെ സാധുവാണ്. പ്രാദേശിക ബന്ധം, വ്യാപാരം, അഫ്ഗാനിസ്ഥാനും മധ്യേഷ്യയിലേക്കുള്ള പ്രവേശനവും പാകിസ്ഥാനെ ഒഴിവാക്കി സാധ്യമാക്കുന്നതിനാല്‍ ചാബഹാര്‍ തുറമുഖം നിര്‍ണായകമാണെന്നും നിലവിലുള്ള ചട്ടക്കൂടിനുള്ളില്‍ തുടര്‍ച്ച ഉറപ്പാക്കാന്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
