ഇന്ത്യൻ കത്തോലിക്കാ സഭയ്ക്ക് പുതിയ നേതൃത്വം: ആദ്യ ദളിത് കർദ്ദിനാൾ പൂല ആന്റണി സിബിസിഐ അധ്യക്ഷൻ

ഇന്ത്യൻ കത്തോലിക്കാ സഭയ്ക്ക് പുതിയ നേതൃത്വം: ആദ്യ ദളിത് കർദ്ദിനാൾ പൂല ആന്റണി സിബിസിഐ അധ്യക്ഷൻ


ന്യൂഡൽഹി: ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് ഹൈദരാബാദ് അതിരൂപതാധ്യക്ഷനും ഇന്ത്യയിലെ ആദ്യ ദളിത് കർദ്ദിനാളുമായ പൂല ആന്റണി. ശനിയാഴ്ച നടന്ന കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനമായ സിബിസിഐയുടെ 37ാമത് ജനറൽബോഡിയോഗത്തിൽ അദ്ദേഹത്തെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു.

64 വയസ്സുള്ള കർദ്ദിനാൾ പൂല ആന്റണി, ഇന്ത്യയിലെ ഏകദേശം രണ്ട്‌കോടി വരുന്ന കത്തോലിക്കാ വിശ്വാസികളുടെ ആത്മീയനേതൃത്വം ഏറ്റെടുക്കുന്ന ആദ്യ ദളിത് മെത്രാനാണ്. വിശ്വാസം, സാമൂഹ്യനീതി, മനുഷ്യഗൗരവം എന്നിവയുടെ സംരക്ഷണത്തിൽ ശക്തമായ പ്രതിബദ്ധത പുലർത്തുന്നനേതാവാണ് അദ്ദേഹം എന്ന് സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

നിലവിൽ ഇന്ത്യയിലെ സഭ കടുത്ത വെല്ലുവിളികൾനേരിടുന്ന സാഹചര്യത്തിലാണ് പുതിയനേതൃത്വം. ചില ഛിദ്രശക്തികൾ പുരോഹിതർക്കും വിശ്വാസികൾക്കുംനേരെ നടത്തുന്ന ആക്രമണങ്ങൾ സഭയെ പ്രതിസന്ധിയിലാക്കിയതായി കർദ്ദിനാളിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്രസർക്കാരുമായി ചർച്ചകൾ നടത്താനുള്ള ചുമതലയും അദ്ദേഹത്തിനായിരിക്കും. മുൻ സിബിസിഐ പ്രസിഡന്റ് കേരളത്തിൽ നിന്നുള്ള ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തായിരുന്നു.

1961 നവംബർ 15ന് കർണൂൽ രൂപതയിലെ പോളൂരിൽ ജനിച്ച പൂല ആന്റണി, നുസ്‌വിഡിലെ മൈനർ സെമിനാരിയിൽ പ്രാഥമിക പരിശീലനം പൂർത്തിയാക്കി. തുടർന്ന് ബെംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ പുരോഹിത പഠനം നടത്തി. 1992 ഫെബ്രുവരി 20ന് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി കടപ്പ രൂപതയിൽസേവനം ആരംഭിച്ചു.

സെന്റ് മേരീസ് കത്തീഡ്രൽ, അമഗമ്പള്ളി, ടെകൂർപേട്ട്, ബദ്വേൽ, വീരപ്പള്ളി എന്നിവിടങ്ങളിൽ ഇടവക പുരോഹിതനായി സേവനമനുഷ്ഠിച്ചു. 2001 മുതൽ 2003 വരെ അമേരിക്കയിൽ ഉപരിപഠനം നടത്തി. ഷിക്കാഗോയിലെ ലോയോള സർവകലാശാലയിൽ പഠനത്തിനൊപ്പം പാസ്റ്ററൽ സേവനവും നടത്തി.

2008 ഫെബ്രുവരി 8ന് കർണൂൽ ബിഷപ്പായി നിയമിതനായ അദ്ദേഹം, 2020 നവംബർ 19ന് ഹൈദരാബാദ് അതിരൂപതാധ്യക്ഷനായി. 2022 ഓഗസ്റ്റ് 27ന് പാപ്പാ ഫ്രാൻസിസ് അദ്ദേഹത്തെ കർദ്ദിനാളായി പ്രഖ്യാപിച്ചു.

ഇന്ത്യൻ കത്തോലിക്കാ സഭയ്ക്ക് നിർണായക ഘട്ടത്തിൽ ലഭിച്ച ഈ പുതിയനേതൃത്വം വലിയ പ്രതീക്ഷകളോടെയാണ് സഭയും വിശ്വാസികളും സ്വീകരിക്കുന്നത്.