മുംബൈ: യു എസില്‍ നിന്നും മടങ്ങിയെത്തിയ വ്യക്തിയാണ് മുംബൈയില്‍ രണ്ടു സുരക്ഷാ ഗാര്‍ഡുകളെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ട്. ജൈബ് അന്‍സാരി എന്ന 31കാരനാണ് ഗാര്‍ഡുകള്‍ക്ക് നേരേ ആക്രമണം നടത്തിയത്. ഇയാള്‍ ഐ എസ് അനുഭാവിയെന്നും വാര്‍ത്തകളുണ്ട്.
2019 വരെയാണ് അന്‍സാരി യു എസിലുണ്ടായിരുന്നത്. ഇയാളുടെ മാതാപിതാക്കള്‍ ഇപ്പോഴും അമെരിക്കയിലാണ് താമസം. ഇന്ത്യയിലേയ്ക്കു മടങ്ങിയ ശേഷം അന്‍സാരി മുംബൈയിലെ മീര റോഡില്‍ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മെയ് അഞ്ചിനകം വീട് ഒഴിയാന്‍ വീട്ടുടമ ആവശ്യപ്പെട്ടിരുന്നതായി അന്വേഷണവൃത്തങ്ങള്‍ പറയുന്നു.
ഓണ്‍ലൈന്‍ വഴി ഐ എസുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും വീഡിയോകളും ഇയാള്‍ നിരന്തരം കാണാറുണ്ടായിരുന്നെന്നും ഇയാളുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അന്വേഷണത്തിന്റെ പ്രധാന ഭാഗം ആയിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. നിര്‍മാണം പുരോഗമിക്കുന്ന ഒരു കെട്ടിടത്തിനരികില്‍ സുരക്ഷാ ഗാര്‍ഡുകളായ രാജ്കുമാര്‍ മിശ്രയെയും സുബ്രതോ സെന്നിനെയും സമീപിച്ച ഇയാള്‍ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഒന്നര മണിക്കൂറിനുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് പിന്നീട് സംസ്ഥാന ആന്റി ടെററിസം സ്‌ക്വാഡിന് കൈമാറി. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുറ്റ സൂചനകള്‍ നല്‍കുന്ന രേഖകളും വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്.
