കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കളായ അഭിഷേക് ബാനർജിക്കും കല്യാൺ ബാനർജിക്കുമെതിരെ നടന്നതായി ആരോപിക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജി ജൂൺ 2ന് കൊൽക്കത്തയിൽ ധർണ നയിക്കും. സംസ്ഥാനത്തുടനീളം ജൂൺ 1ന് പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു.
കൊൽക്കത്തയിലെ റാണി രശ്‌മോണി റോഡിൽ നടക്കുന്ന ദിവസം മുഴുവൻ നീളുന്ന സമരത്തിന് മമത നേരിട്ട് നേതൃത്വം നൽകും. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് പ്രതിഷേധ പ്രഖ്യാപനം.
ദക്ഷിണ 24 പർഗാനാസിലെ സോനാർപൂരിൽ പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങളെ സന്ദർശിക്കാനെത്തിയപ്പോൾ അഭിഷേക് ബാനർജിക്ക് നേരെ ആക്രമണമുണ്ടായതായി തൃണമൂൽ ആരോപിച്ചിരുന്നു. പിന്നാലെ ഹൂഗ്ലി ജില്ലയിലെ ചന്ദിതല പൊലീസ് സ്റ്റേഷനു സമീപം, തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട നിവേദനം നൽകാൻ പോകുന്നതിനിടെ എംപി കല്യാൺ ബാനർജിക്കും ആക്രമണം നേരിട്ടതായി പാർട്ടി ആരോപിച്ചു.
സംഭവങ്ങളെ അപലപിച്ച മമത ബാനർജി, പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനും അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള ബിജെപിയുടെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.
അതേസമയം, അഭിഷേക് ബാനർജിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോനാർപൂർ പൊലീസ് സ്റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ എല്ലാവരും പ്രദേശവാസികളാണെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ, കേസന്വേഷണത്തിൽ പുതിയ വഴിത്തിരിവും ഉണ്ടായിട്ടുണ്ട്. അറസ്റ്റിലായവരിൽ ചിലർ മുൻ തൃണമൂൽ എംഎൽഎ ലവ്‌ലി മാതിരയുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടെ സംഭവത്തിന് പിന്നിൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഭാഗീയതയുണ്ടോ എന്ന ചോദ്യവും ഉയർന്നിരിക്കുകയാണ്.
അറസ്റ്റിലായ ആകാശ് ഗയൻ തൃണമൂൽ പ്രവർത്തകനായി പ്രദേശത്ത് അറിയപ്പെടുന്നയാളാണെന്നും തിരഞ്ഞെടുപ്പ് സമയങ്ങളിൽ പാർട്ടിക്കായി പ്രവർത്തിച്ചിരുന്നുവെന്നും കുടുംബം സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. മറ്റൊരു പ്രതിയായ നിർമല്യ സെൻഗുപ്തയും മുൻ എംഎൽഎയുടെ അടുത്ത അനുയായികളിലൊരാളായിരുന്നുവെന്നാണ് വിവരം.
പ്രതികളിൽ ചിലർ തൃണമൂൽ നേതാക്കളുമായി തന്നെ ബന്ധമുള്ളവരാണെന്ന കണ്ടെത്തൽ അന്വേഷണത്തിന് പുതിയ മാനങ്ങൾ നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണോ, അതോ പാർട്ടിക്കുള്ളിലെ തർക്കങ്ങളാണോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്. പ്രതിഷേധ സമരങ്ങളുമായി തൃണമൂൽ മുന്നോട്ടുപോകുമ്പോൾ സംസ്ഥാനത്ത് രാഷ്ട്രീയ ഏറ്റുമുട്ടൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.
അഭിഷേക് ബാനർജിക്കും കല്യാൺ ബാനർജിക്കുമെതിരായ ആക്രമണം; ജൂൺ 2ന് കൊൽക്കത്തയിൽ മമതയുടെ പ്രതിഷേധ സമരം
