ഭവാനിപുരില്‍ മമതയ്ക്ക് തോല്‍വി; സുവേന്ദു അധികാരി ജയിച്ചു

ഭവാനിപുരില്‍ മമതയ്ക്ക് തോല്‍വി; സുവേന്ദു അധികാരി ജയിച്ചു


കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍  മുഖ്യമന്ത്രി മമത ബാനര്‍ജി സ്വന്തം ശക്തികേന്ദ്രമായ ഭവാനിപൂര്‍ മണ്ഡലത്തില്‍ പരാജയം നേരിട്ടു. സുവേന്ദു അധികാരിയാണ് വിജയം സ്വന്തമാക്കിയത്. 2011-ല്‍ ഇടത് മുന്നണിയെ തോല്‍പ്പിച്ച് ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ മമത വിജയിച്ച മണ്ഡലമാണിത്. തുടര്‍ന്ന് 2016-ലും 2021-ലെ ഉപതിരഞ്ഞെടുപ്പിലൂടെയും അവര്‍ ഇവിടെ വിജയിച്ചിരുന്നു.

കൊല്‍ക്കത്തയിലെ സഖാവത്ത് മെമ്മോറിയല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ വോട്ടെണ്ണലിനിടെ തനിക്കെതിരെ ആക്രമണം ഉണ്ടായതായും സി സി ടി വി ക്യാമറകള്‍ ഓഫാക്കിയതായും മമത ആരോപിച്ചു. പാര്‍ട്ടി ഏജന്റുമാരെ അകത്ത് പ്രവേശിപ്പിച്ചില്ലെന്നും അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഏജന്റിനെ പുറത്താക്കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അവര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയത്. 

തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി വലിയ മുന്നേറ്റമാണ് പശ്ചിമ ബംഗാളില്‍ ബി ജെ പി നേടിയത്.

ബംഗാളില്‍ ബി ജെ പിയുടെ വിജയത്തിന് നിരവധി കാരണങ്ങളുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ, സര്‍ക്കാര്‍ ജീവനക്കാരെ ആകര്‍ഷിച്ച വേതന വാഗ്ദാനങ്ങള്‍, നരേന്ദ്ര മോഡിയും മമതയും തമ്മിലുള്ള വികസന നയത്തിലെ വ്യത്യാസം, കേന്ദ്രസേനയുടെ വിന്യാസം, വോട്ടര്‍മാരുടെ വിശ്വാസം തുടങ്ങിയവയാണ് പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.

ബിജെപി ഭരണകക്ഷിയാകുമ്പോള്‍ അടുത്ത മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചയും ശക്തമാകുന്നു. പ്രധാനമായും മുന്‍പന്തിയിലുള്ളത് സുവേന്ദു അധികാരിയുടെ പേരാണ്. മമതയുടെ മുന്‍ സഹയാത്രികനായ അദ്ദേഹം 2021-ല്‍ നന്ദിഗ്രാം മണ്ഡലത്തില്‍ മമതയെ തോല്‍പ്പിച്ചിരുന്നതും ശ്രദ്ധേയമാണ്.

മറ്റ് സാധ്യതകളില്‍ സമിക് ഭട്ടാചാര്യ, സ്വപന്‍ ദാസ്ഗുപ്ത, ദിലീപ് ഘോഷ് എന്നിവരും ഉള്‍പ്പെടുന്നു.

ഭവാനിപുരിലെ തോല്‍വിയോടെ മമത ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.