മുംബൈ: ഇന്ത്യ-ഫ്രാൻസ് ബന്ധം പ്രത്യേകത നിറഞ്ഞതാണെന്നും ആഗോള അനിശ്ചിതത്വത്തിനിടെ ഈ കൂട്ടുകെട്ട് ലോകസ്ഥിരതയ്ക്ക് ശക്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിൽ നടത്തിയ ദ്വിപക്ഷ ചർച്ചകൾക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാൻസ് ഇന്ത്യയുടെ ഏറ്റവും പഴയ തന്ത്രപ്രധാന പങ്കാളികളിലൊന്നാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും പരസ്പര ബഹുമാനവുമാണ് ബന്ധത്തിന്റെ അടിസ്ഥാനം എന്നും മോഡി വ്യക്തമാക്കി. 'ലോകം അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന സമയമാണിത്. ഈ ഘട്ടത്തിൽ ഇന്ത്യ-ഫ്രാൻസ് ബന്ധം ആഗോള സ്ഥിരതയ്ക്കുള്ള ശക്തിയായി മാറും. ഭീകരവാദത്തെവേരോടെ ഇല്ലാതാക്കും,' എന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിന്റെ സഹകരണത്തോടെ എവറസ്റ്റ് പർവതത്തിന്റെ ഉയരങ്ങളിലേക്കുപോലും പറക്കാവുന്ന ഹെലികോപ്റ്റർ നിർമിക്കുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026 ഇന്ത്യ-യൂറോപ്പ് ബന്ധത്തിൽ വഴിത്തിരിവായിരിക്കുമെന്ന് വ്യക്തമാക്കിയ മോഡി, യൂറോപ്പുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചത് ഫ്രാൻസുമായുള്ള ബന്ധത്തിലും വലിയ മാറ്റം കൊണ്ടുവരുമെന്നും പറഞ്ഞു. വ്യവസായങ്ങളും നവോത്ഥാനമേഖലയും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ സഹകരണത്തിന് പുതിയ ദിശ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയിലെ കൂടിക്കാഴ്ചയ്ക്ക് മുമ്പ് കർണാടകയിലെ വെമഗലിൽ ടാറ്റ ഗ്രൂപ്പും എയർബസും ചേർന്ന് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ ഫൈനൽ അസംബ്ലി ലൈൻ ഇരുനേതാക്കളും ഉദ്ഘാടനം ചെയ്തു. ഇവിടെ എയർബസിന്റെ സിംഗിൾ എൻജിൻ ഹെലികോപ്റ്ററായ H125 നിർമിക്കാനാണ് പദ്ധതി.
മാക്രോൺ ഇന്ത്യയുടെ അതിഥിസത്കാരത്തിന് നന്ദിരേഖപ്പെടുത്തി. ഇന്ത്യ-ഫ്രാൻസ് ബന്ധം അപൂർവ്വവും വിശ്വാസപൂർണവുമാണെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ എട്ട് വർഷത്തിനിടെ നിരവധി സംയുക്ത സംരംഭങ്ങൾ ആരംഭിച്ചതായും വ്യക്തമാക്കി. ഈ ബന്ധത്തെ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്താൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
മുംബൈ സന്ദർശനത്തെ കുറിച്ച് മോഡി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. 'എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനെ മുംബൈയിൽ കാണുന്നതിൽ സന്തോഷം. നഗരത്തെ അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നു; രാവിലെ ഓട്ടവും ആസ്വദിച്ചു,' എന്നാണ് മോഡിയുടെ കുറിപ്പ്.
മാക്രോണ്‍ ഇന്ത്യയില്‍: ഫ്രാൻസുമായി 'പ്രത്യേക ബന്ധം' : ഭീകരവാദത്തെ വേരോടെ ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി മോഡി
