ന്യൂഡൽഹി: രാജ്യത്ത് 19 കിലോ വാണിജ്യ എൽപിജി (LPG) സിലിണ്ടറിന്റെ വില കേന്ദ്ര സർക്കാർ 183.50 രൂപ കുറച്ചു. ജൂലൈ 1 മുതൽ പുതിയ നിരക്ക് നിലവിൽ വന്നു. ഇതോടെ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയിൽ നിന്ന് 2,930 രൂപആയി കുറഞ്ഞു. മറ്റ് പ്രധാന നഗരങ്ങളിലെയും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ സമാനമായ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നതോടെ കഴിഞ്ഞ മാസങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില തുടർച്ചയായി വർധിച്ചിരുന്നു. ജനുവരിയിൽ 1,691.50 രൂപ ആയിരുന്ന സിലിണ്ടറിന്റെ വില ജൂണിൽ 3,113.50 രൂപ ആയി ഉയർന്നിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതും വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്ക കുറഞ്ഞതും ഊർജ വിപണി സ്ഥിരത കൈവരിച്ചതുമാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണമായത്.
വിലക്കുറവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, മറ്റ് ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ എൽപിജി സിലിണ്ടറിന്റെ വിലയിൽ ജൂലൈ മാസത്തേക്ക് മാറ്റമില്ല. അതിനാൽ സാധാരണ ഉപഭോക്താക്കൾക്ക് ഈ ഘട്ടത്തിൽ വിലക്കുറവിന്റെ പ്രയോജനം ലഭിക്കില്ല.
