ഇടിത്തീയായി വീണ്ടും പാചകവാതക വില വർദ്ധന; വാണിജ്യ സിലിണ്ടറുകൾക്ക് 46 രൂപ കൂട്ടി

ഇടിത്തീയായി വീണ്ടും പാചകവാതക വില വർദ്ധന; വാണിജ്യ സിലിണ്ടറുകൾക്ക് 46 രൂപ കൂട്ടി


ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറുകൾക്ക് 46 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോ സിലിണ്ടറിന് 3131 രൂപയാണ് പുതിയ വില. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മെയ് ഒന്നിന് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വർധിപ്പിച്ചിരുന്നു.  

ഡൽഹിയിൽ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വർധിപ്പിച്ച് 3113.50 രൂപയായും, കൊൽക്കത്തയിൽ 53.50 രൂപ വർധിപ്പിച്ച് 3255.50 രൂപയായും ഉയർത്തി. കൂടാതെ, 5 കിലോഗ്രാം എഫ്.ടി.എൽ (ഫ്രീ ട്രേഡ് എൽ.പി.ജി) സിലിണ്ടറുകളുടെ വില 11 രൂപ വർധിപ്പിച്ചു, 821.50 രൂപയാകും. 

ഈ വർഷത്തിന്റെ തുടക്കത്തിൽ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1698 രൂപയായിരുന്നു വില. കുറഞ്ഞ സമയത്തിനുള്ളിൽ വർദ്ധിച്ചത് 1433 രൂപ. ഇറാൻ- യു.എസ് യുദ്ധവും ​ഹോർമുസ് കടലിടുക്കിലെ ​ഗതാ​ഗത തടസവുമാണ് വില കൂടാനുള്ള കാരണം. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ഇന്ത്യയിൽ വില വർദ്ധിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. വില വർദ്ധനവ് കാരണം ഹോട്ടലുകളും തട്ടുകടകളും അടക്കമുള്ളവ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.