ജഡ്ജിമാർക്കെതിരേ പേപ്പറുകൾ വലിച്ചുകീറിയെറിഞ്ഞ് ഹർജിക്കാരൻ; സുപ്രീം കോ‌‌ടതിയിൽ നാടകീയ രം​ഗങ്ങൾ

ജഡ്ജിമാർക്കെതിരേ പേപ്പറുകൾ വലിച്ചുകീറിയെറിഞ്ഞ് ഹർജിക്കാരൻ; സുപ്രീം കോ‌‌ടതിയിൽ നാടകീയ രം​ഗങ്ങൾ


ന്യൂഡൽഹി: സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ. ജഡ്ജിമാർക്കെതിരെ അസഭ്യവർഷം നടത്തി കേസ് വാദിക്കാനെത്തിയ ഹർജിക്കാരൻ, കേസ് ഫയൽ വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചു. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അരാധേ എന്നിവർക്ക് മുന്നിലായിരുന്നു പ്രകോപനം. അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്. 

നേരിട്ട് ഹാജരായ ഹർജിക്കാരൻ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിനിടെ അക്രമാസക്തമാകുകയായിരുന്നു. ലഖ്നൗ എസിപിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നുവെന്നും ഇയാൾ പറഞ്ഞു. ‘നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ?’ എന്ന് ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു. തുടർന്ന് ഇയാൾ അസഭ്യവർഷം നടത്തുകയും പ്രകോപിതനാവുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്കുനേരെ വലിച്ചെറിയുകയും ചെയ്തു.

ഉടൻതന്നെ സുപ്രീംകോടതിയിലെ സുരക്ഷാ ജീവനക്കാർ ഇയാളെ കോടതിയിൽനിന്ന് ബലംപ്രയോഗിച്ച് മാറ്റി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ സുരക്ഷാ ജീവനക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.