മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിയമപരിരക്ഷ: സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിയമപരിരക്ഷ: സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം


ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും 2023ലെ നിയമം നല്‍കുന്ന നിയമപരിരക്ഷ ചോദ്യം ചെയ്ത് ഇന്ത്യാ സഖ്യം സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് (ടി എം സി), ഇടതുപാര്‍ട്ടികള്‍, രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ സംയുക്തമായി ഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം. ചീപ് ഇലക്ഷന്‍ കമ്മീഷണര്‍ ആന്റ് അദര്‍ ഇലക്ഷന്‍ കമ്മീഷണേഴ്‌സ് (അപ്പോയ്ന്‍മെന്റ്, കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ആന്റ് ടേം ഓഫ് ഓഫിസ്) ആക്ട് 2023ലെ നിയമപരിരക്ഷാ വ്യവസ്ഥ ചോദ്യം ചെയ്തായിരിക്കും ഹര്‍ജിയെന്നാണ് വിവരം.

വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) നടപടിയെച്ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും വിവാദങ്ങളും നിലനില്‍ക്കെയാണ് പ്രതിപക്ഷത്തിന്റെ നീക്കം.

2023ലെ നിയമത്തില്‍ എന്താണ് പറയുന്നത്?

2023ലെ നിയമത്തിലെ സെക്ഷന്‍ 16 പ്രകാരം, ഔദ്യോഗിക ചുമതലയോ പ്രവര്‍ത്തനമോ നിര്‍വഹിക്കുന്നതിനിടയില്‍, അല്ലെങ്കില്‍ അത്തരമൊരു ചുമതല നിര്‍വഹിക്കുന്നതായി കരുതി, ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോ തെരഞ്ഞെടുപ്പ് കമ്മീഷണറോ ചെയ്ത പ്രവൃത്തി, പറഞ്ഞ വാക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അവര്‍ക്കെതിരെ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ കോടതികള്‍ക്ക് കഴിയില്ല. ഈ സംരക്ഷണം നിലവില്‍ ചുമതലയിലുള്ളവര്‍ക്കു മാത്രമല്ല, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കും ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കും ബാധകമാണ്.

അതേസമയം, ഇത് എല്ലാ പ്രവൃത്തികള്‍ക്കും ബാധകമായ സമ്പൂര്‍ണ നിയമപരിരക്ഷയല്ല. ഔദ്യോഗിക ചുമതലയോ പ്രവര്‍ത്തനമോ നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കാണ് സെക്ഷന്‍ 16 ബാധകമാകുന്നത്. അതിനാല്‍ എസ് ഐ ആര്‍ സംബന്ധിച്ച പ്രത്യേക നടപടി യഥാര്‍ഥത്തില്‍ ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായിരുന്നോ എന്നത് നിയമപരമായ പരിശോധനയില്‍ പ്രധാന ചോദ്യമാകാം.

എസ് ഐ ആര്‍ നടപടിയെച്ചൊല്ലി വിവാദം

എസ് ഐ ആര്‍ സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുത്തുവെന്നാരോപിച്ച് നിലവിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പ്രത്യേക ഹര്‍ജി നേരത്തെ തന്നെ എത്തിയിട്ടുണ്ട്.

എന്നാല്‍ എസ് ഐ ആര്‍ സംബന്ധിച്ച തീരുമാനങ്ങള്‍ കമ്മീഷന്‍ ഏകകണ്ഠമായാണ് എടുത്തതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

2023ലെ നിയമം പാര്‍ലമെന്റില്‍ ബില്ലായി അവതരിപ്പിച്ച ഘട്ടം മുതല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിയമപരിരക്ഷയെക്കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചുവരികയാണ്.

നിയമപരിരക്ഷ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് മാത്രമല്ല, മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും ബാധകമാണ്. എന്നാല്‍ നിലവിലെ എസ് ഐ ആര്‍ വിവാദത്തിന്റെ കേന്ദ്രത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാറാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെച്ചൊല്ലി പ്രതിപക്ഷ ആരോപണം

ജ്ഞാനേഷ് കുമാറിന് നിയമപരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ 2023ലെ നിയമം കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് പ്രവര്‍ത്തിക്കാനും എസ് ഐ ആര്‍ പോലുള്ള വിവാദ നടപടികള്‍ നടപ്പാക്കാനും ഈ നിയമം സംരക്ഷണം നല്‍കുന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

എന്നാല്‍, ഇത് പ്രതിപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണമാണെന്നും നിയമത്തിലെ സെക്ഷന്‍ 16 ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെ ചെയ്ത പ്രവൃത്തികളുമായി ബന്ധപ്പെട്ട സിവില്‍, ക്രിമിനല്‍ നടപടികളില്‍ നിന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണറേയും മറ്റ് ഇലക്ഷന്‍ കമ്മീഷണര്‍മാരെയും സംരക്ഷിക്കുന്ന വ്യവസ്ഥയാണെന്നും നിയമത്തിന്റെ ഔദ്യോഗിക പാഠം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം തെരഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കുന്നതിന്റെയും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന്റെയും മേല്‍നോട്ടവും നിയന്ത്രണവും തെരഞ്ഞെടുപ്പ് കമ്മീഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്.