തിരുപ്പരൻകുണ്ഡ്രത്ത് ദീപത്തൂണിൽ ദീപം തെളിയിച്ചില്ല; പതിവ് സ്ഥാനത്ത് വിളക്ക് കൊളുത്തി, തമിഴ്‌നാട്ടിൽ വ്യാപക അറസ്റ്റ്

തിരുപ്പരൻകുണ്ഡ്രത്ത് ദീപത്തൂണിൽ ദീപം തെളിയിച്ചില്ല; പതിവ് സ്ഥാനത്ത് വിളക്ക് കൊളുത്തി, തമിഴ്‌നാട്ടിൽ വ്യാപക അറസ്റ്റ്


മധുര: സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ വലിയ രാഷ്ട്രീയ-നിയമ പോരാട്ടങ്ങൾക്ക് വേദിയായ മധുരയിലെ തിരുപ്പരൻകുണ്ഡ്രം കുന്നിൻ മുകളിലെ വിവാദ ശിലാസ്തംഭത്തിൽ ('ദീപത്തൂൺ') ഇത്തവണയും കാർത്തിക ദീപം തെളിയിച്ചില്ല. പകരം, കുന്നിലെ ഉച്ചി പിള്ളയാർ (ഗണേശ ക്ഷേത്രം) ക്ഷേത്രത്തിന് സമീപമുള്ള പതിവ് 'ദീപ മണ്ഡപത്തിൽ' തന്നെയാണ് ഇന്നു വൈകിട്ട് വിശുദ്ധ ദീപം തെളിയിച്ചത്.

കുന്നിൻ മുകളിലെ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള പുരാതന ശിലാസ്തംഭത്തിൽ ഒരു തവണ ദീപം തെളിയിക്കാൻ നവംബർ 20-ന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഇത് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ, ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കനത്ത പൊലീസ് സുരക്ഷയും നിരോധനാജ്ഞയും ഏർപ്പെടുത്തിയ ഭരണകൂടം ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ അനുവദിച്ചില്ല.

ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് മധുരയിലേക്ക് പോകാൻ ശ്രമിച്ച ബി.ജെ.പി നേതാക്കളെയും ഹിന്ദു സംഘടനാ പ്രവർത്തകരെയും തമിഴ്‌നാട് പൊലീസ് സംസ്ഥാനവ്യാപകമായി തടയുകയും കരുതൽ തടങ്കലിലാക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ സംഘർഷം ഉടലെടുത്തു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രവർത്തകർക്കൊപ്പം തിരുപ്പരൻകുണ്ഡ്രത്തേക്ക് തിരിച്ച തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ തിരുനെൽവേലിയിലെ തച്ചനല്ലൂരിന് സമീപം പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്തു. നേരത്തെ ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കാൻ വസതിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ, കാർത്തിക ദീപം ചടങ്ങുകളിൽ പങ്കെടുക്കാൻ മധുരയിലേക്ക് പുറപ്പെട്ട മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ എൽ. മുരുകനെ കോയമ്പത്തൂരിന് സമീപം അന്നൂരിൽ വെച്ച് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. മധുരയിൽ മാത്രമാണ് നിരോധനാജ്ഞയുള്ളതെന്നും കോയമ്പത്തൂരിൽ വെച്ച് നേതാക്കളെ തടയുന്നത് "അരാജകത്വം" ആണെന്നും മുരുകൻ രൂക്ഷമായി വിമർശിച്ചു.

മുൻ ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ ഡോ. തമിഴിസൈ സൗന്ദരരാജൻ, ഹിന്ദു മുന്നണി നേതാവ് കാടേശ്വര സുബ്രഹ്മണ്യം, ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് എന്നിവരെയും പൊലീസ് തടഞ്ഞ് കരുതൽ തടങ്കലിലാക്കി. തലേദിവസം എതിർ വിഭാഗത്തിന്‍റെ പ്രതിഷേധങ്ങൾക്ക് അനുമതി നൽകിയ ഭരണകൂടം ഹിന്ദു നേതാക്കളുടെ സമാധാനപരമായ നീക്കങ്ങളെ വീട്ടുതടങ്കലിലൂടെ അടിച്ചമർത്തുകയാണെന്ന് തമിഴിസൈ ആരോപിച്ചു.

നിരോധനാജ്ഞ പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർദേശം

അതേസമയം, കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് മധുരയിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 163 പ്രകാരം ഏർപ്പെടുത്തിയ നിരോധനാജ്ഞ പുനഃപരിശോധിക്കാൻ തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം മതാചാരം അനുഷ്ഠിക്കാനുള്ള ഭക്തരുടെ അവകാശത്തിന് ഈ നിയന്ത്രണങ്ങൾ തടസ്സമാകുമെന്ന് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, എം.ഡി. സുമതി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

നവംബർ 23 രാത്രി ജില്ലാ കലക്ടർ പുറപ്പെടുവിച്ച നിരോധനാജ്ഞാ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. മലയടിവാരത്ത് ഒത്തുചേരാനും ദീപം തെളിക്കുന്നത് കാണാനും ഭക്തർക്ക് അനുമതി നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. നിരോധനാജ്ഞ സുപ്രീം കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും കോടതിയലക്ഷ്യമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ, സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ നടപടി നേരിടാൻ കലക്ടർ നിഷാന്ത് കൃഷ്ണ ധൈര്യപ്പെടുന്നുണ്ടെങ്കിൽ അങ്ങനെ തന്നെയാകട്ടെ എന്ന് ബെഞ്ച് വാക്കാൽ പ്രതികരിച്ചു. ജില്ലാ കലക്ടറും ഡപ്യൂട്ടി പൊലീസ് കമ്മീഷണർ എ.ജി. ഇനികോ ദിവ്യനും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.

ബുധനാഴ്ച രാവിലെ 10 മണി വരെയാണ് മധുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. യോഗങ്ങൾ, പ്രകടനങ്ങൾ, തിരുപ്പരൻകുണ്ഡ്രം കുന്നുകയറൽ എന്നിവയ്ക്ക് കർശന വിലക്കുണ്ട്. 2025 ഡിസംബർ 1-ന് ഹൈക്കോടതി സിംഗിൾ ജഡ്ജി ശിലാസ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ അനുമതി നൽകിയത് മുതൽ തമിഴ്‌നാട് സർക്കാരും ക്ഷേത്ര മാനേജ്‌മെൻ്റും ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബദുഷ അവുലിയ ദർഗയും ഇതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു. നിരോധനാജ്ഞ നിലനിൽക്കുമ്പോഴും ക്ഷേത്രഭരണസമിതിയുടെ പതിവ് ചടങ്ങുകൾക്കും ദർഗയിലേക്കുള്ള പ്രവേശനത്തിനും പൊലീസ് നിയന്ത്രണങ്ങളോടെ ഇളവ് നൽകിയിരുന്നു.