ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പടുത്തുക എന്ന ഉദ്ദേശ്യത്തോടെ നരേന്ദ്ര മോദി സർക്കാരിലെ വാർത്താവിതരണ- പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി സ്ഥാനം രാജിവച്ച് എൽ മുരുകൻ. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്താനും സ്വയം സമർപ്പിക്കാനും താഴെത്തട്ടിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നുവെന്ന് എൽ. മുരുകൻ പറഞ്ഞു. തമിഴ്‌നാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സമയവും നീക്കിവെക്കുന്നതിനായി, തന്നെ കേന്ദ്ര സഹമന്ത്രി എന്ന ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് എൽ. മുരുകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ അഭ്യർഥിച്ചു.
"തമിഴ്‌നാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സമയവും നീക്കിവെക്കുന്നതിനായി, എന്നെ കേന്ദ്ര സഹമന്ത്രി എന്ന നിലയിലുള്ള ചുമതലയിൽ നിന്ന് എന്നെ ഒഴിവാക്കാനും രാജ്യസഭാ അംഗത്വം ഉപേക്ഷിക്കാൻ അനുവദിക്കാനും വിനയത്തോടും നന്ദിയോടും കൂടി അഭ്യർഥിക്കുന്നു" കത്തിൽ മുരുകൻ പറഞ്ഞു. "ഇപ്പോൾ, അടിത്തട്ടിലേക്ക് മടങ്ങാനും നമ്മുടെ കാര്യകർത്താക്കൾക്കൊപ്പം നിൽക്കാനും 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സമയവും എന്നെത്തന്നെ സമർപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ആദ്യം രാഷ്ട്രം, പിന്നീട് പാർട്ടി, അവസാനം സ്വയം" അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 'ഭാരതമാതാവിനെയും' തമിഴ്‌നാടിനെയും സേവിക്കാൻ കഴിഞ്ഞത് തൻ്റെ ജീവിതത്തിലെ "ഏറ്റവും വലിയ ബഹുമതി"യാണെന്നും ദിവസവേതനക്കാരുടെ മകനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിൽ സേവനം അനുഷ്‌ഠിക്കാനും കഴിഞ്ഞത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ നിന്നാണ് മുരുകൻ പാർലമെൻ്റ് ഉപരിസഭയായ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്, അദ്ദേഹത്തിൻ്റെ രാജ്യസഭാ കാലാവധി 2030 വരെയായിരുന്നു. 2021 സെപ്റ്റംബറിൽ ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2024 ഏപ്രിലിൽ അദ്ദേഹം രണ്ടാം തവണയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2017 മുതൽ 2020 വരെ ദേശീയ പട്ടികജാതി കമ്മീഷൻ്റെ (NCSC) വൈസ് ചെയർമാനായി മുരുകൻ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. നേരത്തെ, കുറച്ചുകാലം കേരളത്തിൻ്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. 2020 മാർച്ച് 12 ന്, അദ്ദേഹത്തെ ബിജെപി തമിഴ്‌നാട് യൂണിറ്റിൻ്റെ തലവനായി നിയമിച്ചു. 2000 മുതൽ 2003 വരെ ആ സ്ഥാനം വഹിച്ചിരുന്ന കിരുനിധിക്ക് ശേഷം ബിജെപി തമിഴ്‌നാട് യൂണിറ്റിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ ദളിത് നേതാവായി എൽ. മുരുകൻ മാറി.
2021ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ധാരാപുരത്ത് നിന്ന് മത്സരിച്ച അദ്ദേഹം ഡിഎംകെയുടെ എൻ. കായൽവിഴിയോട് 1,393 വോട്ടുകൾക്ക് പരാജയപ്പെട്ടു. 2014 മുതൽ 2017 വരെ ഇന്ത്യാ ഗവൺമെൻ്റിൻ്റെ സാമൂഹിക നീതി മന്ത്രാലയത്തിലെ ഡോ. അംബേദ്‌കർ ഫൗണ്ടേഷൻ അംഗവുമായിരുന്നു അദ്ദേഹം. ഒക്ടോബർ 11 ഞായറാഴ്‌ച ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കുമൊപ്പം മുരുകൻ വേദി പങ്കിട്ടു.
കേന്ദ്രമന്ത്രി സ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ച് എൽ. മുരുകൻ; ഇനിയുള്ള പ്രവർത്തനം തമിഴ്നാട്ടിൽ
