കുവൈത്തിലെ വൈദ്യുതിജല ലവണമുക്തീകരണ പ്ലാന്റിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. തിങ്കളാഴ്ച (മാർച്ച് 30) നടന്ന ആക്രമണത്തിൽ പ്ലാന്റിലെ സർവീസ് കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് വൈദ്യുതിജല മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഇന്ത്യൻ എംബസിയുടേയോ വിദേശകാര്യ മന്ത്രാലയത്തിന്റേയോ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.
പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം വിദേശത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ഒരാളെ കാണാതായതായും റിപ്പോർട്ടുണ്ട്. സൗദി അറേബ്യയിൽ ഒരാൾ, ഒമാനിൽ രണ്ടുപേർ, യുഎഇയിൽ രണ്ടുപേർ എന്നിങ്ങനെയാണ് മരണസംഖ്യ.
ഇതിനിടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും കുടുങ്ങിയ പൗരന്മാർക്ക് സഹായം നൽകുന്നതിനുമായി റിയാദ്, മസ്‌കറ്റ്, അബുദാബി, ബഗ്ദാദ് എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികൾ പ്രവർത്തനം തുടരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത് രാജ്യങ്ങളിലെ നേതാക്കളുമായി ഫോണിൽ ആശയവിനിമയം നടത്തി ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചു. ഇറാൻ പ്രസിഡന്റ് പെസെഷ്‌കിയാനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
കുവൈത്തിൽ ഇറാൻ ആക്രമണം; ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു
