ന്യൂയോർക്ക്: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ അമേരിക്ക സന്ദർശിക്കുന്നതിനിടെ, കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി വ്യക്തമാക്കി. രാജാവുമായി വ്യക്തിപരമായി സംസാരിക്കാൻ അവസരം ലഭിച്ചാൽ ഈ ആവശ്യം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാൻ രാജകുടുംബത്തിന്റെ വക്താവ് തയ്യാറായില്ല.
നിലവിൽ ബ്രിട്ടനിലെ ലണ്ടൻ ടവറിൽ സൂക്ഷിച്ചിരിക്കുന്ന കോഹിനൂർ വജ്രം ദീർഘകാലമായി വിവാദവിഷയമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽനിന്ന് കൊണ്ടുപോയ ഈ രത്നം തിരികെ വേണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ഇറാൻ, പാക്കിസ്ഥാൻ എന്നിവയും ഇതിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
105 കാരറ്റ് ഭാരം വരുന്ന കോഹിനൂർ ലോകത്തിലെ ഏറ്റവും പ്രശസ്തവും അമൂല്യവുമായ വജ്രങ്ങളിൽ ഒന്നാണ്. 'വെളിച്ചത്തിന്റെ പർവതം' എന്നാണ് പേർഷ്യൻ പദമായ കോഹിനൂറിന്റെ അർത്ഥം. 1850ൽ ഏകദേശം 16 ലക്ഷം രൂപ വില കണക്കാക്കിയിരുന്ന ഈ വജ്രത്തിന്റെ മൂല്യം ഇന്ന് അനേകം കോടികളായി വിലയിരുത്തപ്പെടുന്നു.
ഗോൽക്കൊണ്ട ഖനിയിൽനിന്ന് കണ്ടെത്തിയതെന്നാണ് കരുതുന്നത്. മുഗൾ ഭരണാധികാരികൾ ഉൾപ്പെടെ പലരിലൂടെ കൈമാറി പഞ്ചാബ് രാജാവായിരുന്ന രഞ്ജിത് സിങ്ങിന്റെ കൈവശം എത്തിയ വജ്രം, പിന്നീട് അദ്ദേഹത്തിന്റെ അവകാശിയായ ദിലീപ് സിങ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നൽകി. തുടർന്ന് ഇത് ബ്രിട്ടീഷ് രാജവംശത്തിന്റെ ഉടമസ്ഥതയിലായി.
നാല് ദിവസത്തെ യുഎസ് സന്ദർശനത്തിനായി എത്തിയ ചാൾസ് രാജാവും രാജ്ഞി കമീലയും വിവിധ പരിപാടികളിൽ പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച, കോൺഗ്രസ് അഭിസംബോധന, വൈറ്റ് ഹൗസ് വിരുന്ന്, ന്യൂയോർക്കിലെ 9/11 സ്മാരകത്തിലെ അനുസ്മരണ ചടങ്ങ് എന്നിവയും പരിപാടികളിൽ ഉൾപ്പെടുന്നു.
കോഹിനൂർ തിരികെ നൽകണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടൻ ഇതുവരെ അംഗീകരിച്ചിട്ടില്ല.
കോഹിനൂർ വജ്രം ഇന്ത്യയ്ക്കു തിരികെ നൽകണം; ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ
