ന്യൂഡല്‍ഹി: കത്തി നശിച്ച നിലയില്‍ വീട്ടില്‍ നിന്നും വന്‍തുക കണ്ടെത്തിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയ്ക്കുന്നതായും ജുഡീഷ്യല്‍ അഴിമതി ഗുരുതരവും സെന്‍സിറ്റീവുമായ വിഷയമാണെന്നും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ എല്ലാ മുതിര്‍ന്ന നേതാക്കളുമായും താന്‍ സംസാരിച്ചുവെന്നും ഒരംഗത്തേയും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ചില സിംഗിള്‍ എം പി പാര്‍ട്ടികളുമായും ബന്ധപ്പെടുമെന്നും പറഞ്ഞ റിജിജു ഇംപീച്ച്‌മെന്റ് നീക്കം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഏകീകൃത നിലപാടായി മാറുമെന്നും വാര്‍്ത്താ ഏജന്‍സിയായ പി ടി ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജുഡീഷ്യറിയിലെ അഴിമതി വളരെ സെന്‍സിറ്റീവും ഗൗരവമേറിയതുമായ കാര്യമാണെന്നു പറഞ്ഞ റിജിജു അതുകൊണ്ടാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒപ്പിടാന്‍ തീരുമാനിക്കുന്നതെന്നും റിജിജു പറഞ്ഞു.
കോണ്‍ഗ്രസിന്റെ പിന്തുണയെ സ്വാഗതം ചെയ്ത് മന്ത്രി കാര്യങ്ങള്‍ അതേപടി മനസ്സിലാക്കിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഒരു പാര്‍ട്ടിയും അഴിമതിക്കാരനായ ഒരു ജഡ്ജിക്കൊപ്പം നില്‍ക്കുന്നതായോ അഴിമതിക്കാരനായ ഒരു ജഡ്ജിയെ സംരക്ഷിക്കുന്നതായോ കാണാന്‍ കഴിയുന്നില്ലെന്നും വിശദമാക്കി.
ജസ്റ്റിസ് വര്‍മ്മയ്ക്കെതിരായ പ്രമേയത്തെ എല്ലാ എം പിമാരും പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് സ്ഥിരീകരിച്ചു.
ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിന് ലോക്സഭയില്‍ കുറഞ്ഞത് 100 എം പിമാരുടെയും രാജ്യസഭയിലെ 50 എം പിമാരുടെയും ഒപ്പുകള്‍ ആവശ്യമാണെന്ന് റിജിജു പറയുന്നു. തുടര്‍ന്ന് ചെയര്‍മാന് നിവേദനം സമര്‍പ്പിക്കും. അദ്ദേഹം സഭയെ അറിയിക്കുകയും ജഡ്ജിമാരുടെ അന്വേഷണ നിയമപ്രകാരം അന്വേഷണം ആരംഭിക്കുകയും ചെയ്യും.
മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന അന്വേഷണവും തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചയും ഉള്‍പ്പെടുന്നതാണ് പ്രക്രിയ.
മാര്‍ച്ചില്‍ ഡല്‍ഹിയിലെ വസതിയില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് പകുതി കത്തിയ പണം അടങ്ങിയ ചാക്കുകള്‍ കണ്ടെത്തിയത്. ആ സമയത്ത് അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു.
ജസ്റ്റിസ് വര്‍മ്മയെ പിന്നീട് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയെങ്കിലും അദ്ദേഹത്തിന് ജുഡീഷ്യല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കിയിരുന്നില്ല. അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉത്തരവിട്ട ആഭ്യന്തര അന്വേഷണത്തില്‍ പണം കണ്ടെത്തിയ സ്റ്റോര്‍ റൂമില്‍ ജഡ്ജിക്കും കുടുംബത്തിനും രഹസ്യമായോ സജീവമായോ നിയന്ത്രണം ഉണ്ടെന്ന് തിരിച്ചറിയുകയും ഗുരുതരമായ രീതിയില്‍ മോശം പെരുമാറ്റമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ജസ്റ്റിസ് വര്‍മ്മ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.