കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ ഭൂരിഭാഗം എംഎല്‍എമാരും എംപിമാരും തനിക്കെതിരെ തിരിഞ്ഞ് പുതിയ ഗ്രൂപ്പ് രൂപീകരിച്ചിട്ടും ഒട്ടും വിട്ടുകൊടുക്കാതെ പോരാടാനുറച്ച് പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി. തനിക്കെതിരെ രംഗത്തുവന്നവരെല്ലാം 'ദ്രോഹികളാ'ണെന്ന് വിശേഷിപ്പിച്ച മമത, രാഷ്ട്രീയമായി തടയാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെ കൊല്ലേണ്ടി വരുമെന്ന് വെല്ലുവിളിച്ചു. ഇന്ന് രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മമത മൗനം വെടിഞ്ഞ് രംഗത്തെത്തിയത്. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് അവർ അറിയിച്ചു.
പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം തന്നോടൊപ്പം നില്‍ക്കുന്ന വിശ്വസ്തര്‍ക്ക് തന്നെ ലഭിക്കും. അതിനായി ഏതറ്റം വരെയുള്ള നിയമപോരാട്ടത്തിനും തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. 'പാര്‍ട്ടി ചിഹ്നം ഒരിടത്തേക്കും പോകില്ല. എന്നെ തടയണമെങ്കില്‍ നിങ്ങള്‍ക്കെന്നെ കൊല്ലേണ്ടി വരും,' -മമത പറഞ്ഞു.
മമതയോടൊപ്പം ഉറച്ചുനിന്ന ചുരുക്കം ചില പ്രമുഖ നേതാക്കളില്‍ ഒരാളും തൃണമൂല്‍ ബംഗാള്‍ ഘടകം അധ്യക്ഷയുമായ ചന്ദ്രിമ ഭട്ടാചാര്യ കൂടി പാര്‍ട്ടി പദവി രാജിവെച്ചതോടെയാണ് ഏറെനാളായി മൗനത്തിലായിരുന്ന മമത രംഗത്തെത്തിയത്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിലാണ് ചന്ദ്രിമയും ചേര്‍ന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തിരുന്നു. പാർട്ടി ഓഫീസ് വിമതർ കൈയടക്കിയ നടപടി നിയമവിരുദ്ധമാണെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. അടുത്ത വർഷം ഒക്ടോബർ മാസം വരെ ഓഫീസിന്റെ കരാർ നിലനിൽക്കുന്നുണ്ടെന്നും, അതിനാൽ പാർട്ടി വിട്ടുപോയ വിമതർക്ക് ഓഫീസ് നിയന്ത്രിക്കാൻ യാതൊരുവിധ നിയമപരമായ അവകാശവുമില്ലെന്നും അവർ വ്യക്തമാക്കി. വ്യക്തികള്‍ക്ക് പാര്‍ട്ടി വിട്ടുപോകാം, എന്നാല്‍ പ്രസ്ഥാനം ഇല്ലാതാകുന്നില്ല. അത് പാര്‍ട്ടിയുടെ സ്വത്താണ്,' മമത പറഞ്ഞു.
മകന്‍ നേരത്തെ തന്നെ വിമത പക്ഷത്തായതിനാല്‍ ചന്ദ്രിമ രാജിവെക്കുമെന്ന സൂചന തനിക്ക് ലഭിച്ചിരുന്നുവെന്ന് മമത പ്രതികരിച്ചു. എന്നാല്‍ വിമതരുമായി യാതൊരു ഒത്തുതീര്‍പ്പിനും താനില്ലെന്നും അവരുടെ ഉപദേശക റോളിലേക്ക് മാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ താനോ തന്റെ പാര്‍ട്ടിയോ ഒരിക്കലും തലകുനിക്കില്ല. ചന്ദ്രിമയുടെ രാജിക്ക് പിന്നാലെ പാര്‍ട്ടിയുടെ ദേശീയ-സംസ്ഥാന തലങ്ങളിലുള്ള ചുമതലകള്‍ മമത നേരിട്ട് ഏറ്റെടുത്തു. ഇനി മുതല്‍ തന്റെ വസതിയിലുള്ള ഓഫീസായിരിക്കും പാര്‍ട്ടിയുടെ പ്രധാന ആസ്ഥാനമെന്നും അവര്‍ പ്രഖ്യാപിച്ചു. അതേസമയം, പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിന്മേലുള്ള അവകാശവാദങ്ങള്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവിഭാഗങ്ങള്‍ക്കും ജൂലൈ 6 വൈകിട്ട് 5.30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ കൂട്ടരാജിയും ഭിന്നതയും ഉടലെടുത്തത്. മമതയുടെ നേതൃശൈലിയില്‍ വിമര്‍ശനമുയര്‍ന്നതു കൂടാതെ, മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടിയിലുള്ള അമിത സ്വാധീനത്തോടുള്ള എതിര്‍പ്പാണ് ഇപ്പോഴത്തെ കൂട്ടക്കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. 60ലധികം എംഎല്‍എമാരും 20ലേറെ ലോക്സഭാ എംപിമാരും മൂന്ന് രാജ്യസഭ എംപിമാരും മമതയെ കൈവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
'എന്നെ തടയണമെങ്കില്‍ കൊന്നു തള്ളണം, വിമതര്‍ ദ്രോഹികൾ'; പോരിന് നേരിട്ടിറങ്ങി മമത
