ന്യൂഡല്‍ഹി: പ്രചരണത്തിനുള്ള ദിവസങ്ങള്‍ പരിമിതപ്പെടുത്തി തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ദുഃഖവെള്ളി, വിഷു, ഈസ്റ്റര്‍ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുന്‍പായി വരുന്നതിനാല്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണം നടത്താന്‍ ലഭിക്കുന്നത് വെറും പത്ത് ദിവസം മാത്രമാണ്. എന്നാല്‍ വോട്ടെണ്ണല്‍ മെയ് നാലാം തിയ്യതിയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. ഇത്രയും നേരത്തെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് സമയം വെട്ടി കുറയ്ക്കാന്‍ വേണ്ടിയാണ്. അതുപോലെ കോണ്‍ഗ്രസിന്റെ പ്രചാരകരായ നേതാക്കന്മാര്‍ക്ക് പരിമിതി ഏര്‍പ്പെടുത്താനും വേണ്ടിയാണെന്നും കെ സി പറഞ്ഞു.
മുന്‍പും ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും തിയ്യതികളുടെ കാര്യത്തില്‍ ഇത്തരം സമീപനങ്ങള്‍ കണ്ടിട്ടുണ്ട്. നാലു ദിവസം നീട്ടിവെച്ചത് കൊണ്ട് ഒരു പ്രശ്‌നവുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ സമീപനത്തില്‍ വളരെയേറെ ദുരൂഹതകള്‍ ഉണ്ട്. എന്നാല്‍ ഇതുകൊണ്ട് കോണ്‍ഗ്രസിന് ഭയമില്ലെന്നും എന്തിനും കോണ്‍ഗ്രസ് തയ്യാറാണെന്നും 25 ദിവസം കഴിഞ്ഞാല്‍ കേരളത്തില്‍ ഭരണം മാറുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
