രാജ്പുര: പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം. കർമഭൂമി എക്സ്പ്രെസ്സിനാണ് തീപിടിച്ചത്. രാജ്പുരയ്ക്ക് സമീപത്ത് വച്ചാണ് ട്രെയിനിൽ അഗ്നിബാധയുണ്ടായത്. നാല് കോച്ചുകൾക്ക് തീ പിടിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്നു ട്രെയിനിലാണ് അപകടമുണ്ടായത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി വിവരം. ട്രെയിനിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. സംഭവത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അമൃത്സറിൽ നിന്ന് ന്യൂ ജൽപായ്ഗുരിയിലേക്ക് പോവുകയായിരുന്ന ട്രെയിൻ, സർഹിന്ദ് - രാജ്പുര റെയിൽവേ സെക്ഷനിലെ സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. എഞ്ചിനോട് ചേർന്നുള്ള അഞ്ചാമത്തെ കോച്ചിലാണ് ആദ്യം തീ പടർന്നത്. തുടർന്ന് സമീപത്തുള്ള മറ്റ് കോച്ചുകളിലേക്ക് തീ പടരുകയും 4 കോച്ചുകളിൽ പൂർണമായും തീ വ്യാപിക്കുകയുമായിരുന്നു. വെള്ളിയാഴ്ചകളിൽ മാത്രം സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനിലാണ് അഗ്നിബാധയുണ്ടായത്.
ട്രെയിനിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലോക്കോ പൈലറ്റും ഗാർഡും അടിയന്തര ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഫയർഫോഴ്സിൻ്റെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ദീപാവലി ആഘോഷത്തിനായി സ്വന്തം വീടുകളിലേക്ക് മടങ്ങിയിരുന്ന ആളുകളാണ് ട്രെയിനിലെ യാത്രക്കാരിലേറെയും. ആദ്യത്തെ നാല് കോച്ചുകളിലാണ് വലിയ രീതിയിൽ അഗ്നി പടർന്നത്. ആളുകൾ രക്ഷപ്പെടാനുള്ള പരിശ്രമത്തിനിടെ വീണ് പരിക്കേറ്റവരാണ് യാത്രക്കാരിലേറെയും.
പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, കർമഭൂമി എക്സ്പ്രെസിൽ അഗ്നിബാധ; 4 കോച്ചുകൾ പൂർണമായും കത്തിനശിച്ചു
