കർണാടകയിൽ ഇനി ഡി.കെ യു​ഗം; സത്യപ്രതിജ്ഞ തിങ്കളാഴ്ച, സിദ്ധരാമയ്യ രാജി നൽകി

കർണാടകയിൽ ഇനി ഡി.കെ യു​ഗം; സത്യപ്രതിജ്ഞ തിങ്കളാഴ്ച, സിദ്ധരാമയ്യ രാജി നൽകി


ബം​ഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചു. ലോക്ഭവനിലെത്തി രാജി സമർപ്പിച്ചെങ്കിലും ​ഗവർണർ തവർചന്ദ് ​ഗെഹ്‍ലോട്ട് സ്ഥലത്തില്ലാത്തതിനാൽ ​ഗവർണറുടെ സെക്രട്ടറിക്ക് കത്ത് കൈമാറി. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് സിദ്ധരാമയ്യ പറഞ്ഞു. പുതിയ മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. 

മുഖ്യമന്ത്രിയാകുന്ന ഡി.കെ.ശിവകുമാറിനൊപ്പമാണ് സിദ്ധരാമയ്യ ലോക്ഭവനിലെത്തിയത്. ജി.പരമേശ്വരയും ഒപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ സിദ്ധരാമയ്യയുടെ വസതിയിലൊരുക്കിയ പ്രഭാത ഭക്ഷണത്തിനിടെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ശിവകുമാർ അടക്കമുള്ള നേതാക്കൾ വിരുന്നിന് എത്തിയിരുന്നു. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്നും ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി പദത്തിനായി തര്‍ക്കമുണ്ടായിരുന്നു. അന്ന് രണ്ടര വര്‍ഷം ഫോര്‍മുലയിലാണ് തര്‍ക്കം അവസാനിപ്പിച്ചത്. സിദ്ധരാമയ്യ മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. മുഖ്യമന്ത്രി പദവി ഒഴിയുന്നതിന്റെ പേരിൽ സിദ്ധരാമയ്യയുടെ നിരവധി ഉപാധികള്‍ ഹൈക്കമാന്‍ഡ് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. 

പി.സി.സി അദ്ധ്യക്ഷസ്ഥാനത്തേക്ക് സതീഷ് ജർകിഹോളിയുടെ പേരാണ് പരിഗണിക്കുന്നത്. ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകാനും സാധ്യതയുണ്ട്. ആഭ്യന്തരമന്ത്രി ജി.പരമേശ്വര, മന്ത്രി എം.ബി.പാട്ടീൽ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. മകനെ മന്ത്രിയാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടേക്കും. സിദ്ധരാമയ്യയെ പിണക്കാതിരിക്കാൻ ഡി.കെ ശിവകുമാറിന് “ഫ്രീഹാൻഡ്” നൽകിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.