ഡല്‍ഹിയില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഡല്‍ഹിയില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം


ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കിലുള്ള വസതിയിലെ ബാത്ത്റൂമില്‍ 30കാരനായ ജുഡീഷ്യല്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യയായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കര്‍കാര്‍ദുമ കോടതിയിലെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അമന്‍ കുമാര്‍ ശര്‍മ്മയാണ് മരിച്ചത്. ശര്‍മ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

കുടുംബാംഗങ്ങളുടെ മൊഴിപ്രകാരം, കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പിതാവിനോട് ഫോണില്‍ സംസാരിച്ച ശര്‍മ്മ മാനസികമായി ഏറെ വിഷമത്തിലായിരുന്നുവെന്നും ജീവിത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞിരുന്നു. രാജസ്ഥാനിലെ അല്‍വാറിലായിരുന്ന പിതാവ് ഉടന്‍ ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് മാസമായി കുടുംബപ്രശ്‌നങ്ങള്‍ കാരണം ശര്‍മ്മ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തിന് മുന്‍പ് വീട്ടില്‍ വാക്കേറ്റം ഉണ്ടായതായും പറയുന്നു.

2018-ല്‍ നിയമബിരുദം നേടിയ ശര്‍മ്മ 2021 ജൂണില്‍ ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നു. 2025 ഒക്ടോബര്‍ മുതല്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ഫുള്‍ടൈം സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.