ശ്രീനഗര്‍: ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്‌റ്റേഷനില്‍ വെള്ളിയാഴ്ച അബദ്ധത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. നിരവധി പൊലീസുകാരും വിദഗ്ധസംഘാംഗങ്ങളും പരിക്കേറ്റിട്ടുണ്ട്. സ്‌റ്റേഷന്‍ പരിസരത്ത് പരിശോധന നടക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
ഒഴിഞ്ഞദിവസങ്ങളില്‍ ഹരിയാനയിലെ ഫരിദാബാദില്‍ നിന്ന് പിടിച്ചെടുത്ത വന്‍തോതിലുള്ള സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. 'വൈറ്റ്‌കോളര്‍' ടെറര്‍ മോഡ്യൂള്‍ കേസിന്റെ ഭാഗമായി പിടിച്ചെടുത്ത 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റും മറ്റ് ബോംബ് നിര്‍മ്മാണ വസ്തുക്കളും വിദഗ്ധസംഘം പരിശോധിക്കുന്നതിനിടെയാണ് സ്‌ഫോടനം.
സ്‌ഫോടനത്തിന്റെ ശക്തിയില്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ തകര്‍ന്നു. തുടര്‍നടപടികളുടെ ഭാഗമായി നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌റ്റേഷനിലേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്.
ഫരിദാബാദിലെ ധൗജ്, ഫതേപൂര്‍ താഗ എന്നീ ഗ്രാമങ്ങളിലെ വാടക മുറികളില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. പുല്‍വാമയിലെ 35 കാരനായ ഡോക്ടര്‍ മുജമ്മില്‍ ഷക്കീല്‍ വാടകയ്ക്ക് എടുത്ത വീടുകളിലായിരുന്നു ഇവ സംഭരിച്ചിരുന്നതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. അല്‍ഫലാഹ് മെഡിക്കല്‍ കോളേജില്‍ അധ്യാപകനായിരുന്ന ഡോ. മുജമ്മിലിനെ രണ്ടാഴ്ച മുന്‍പാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കശ്മീരില്‍ പതിച്ച തീവ്രവാദ പോസ്റ്ററുകളില്‍ നിന്നാരംഭിച്ച അന്വേഷണമാണ് ഫരിദാബാദിലെ ജൈഷ് എ മുഹമ്മദ് പ്രവര്‍ത്തനമെന്നു സംശയിക്കുന്ന മോഡ്യൂളിലേക്കും സ്‌ഫോടകവസ്തുക്കളുടെ വന്‍ ശേഖരത്തിലേക്കും പൊലീസിനെ നയിച്ചത്. ഡോ. മുജമ്മില്‍, റെഡ് ഫോര്‍ട്ടിന് സമീപം നവംബര്‍ 10ന് പൊട്ടിത്തെറിച്ച കാറിന്റെ ഡ്രൈവര്‍ ഉമര്‍ നബി, ഒളിവിലുള്ള ഡോക്ടര്‍ മുജഫര്‍ റാഥര്‍ എന്നിവരടങ്ങുന്ന മൂന്നംഗ ടീമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതെന്നതാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് പരിശോധനകള്‍ തുടരുകയാണ്. ഔദ്യോഗിക സ്ഥിരീകരണങ്ങളും വിശദമായ അന്വേഷണഫലങ്ങളും പിന്നാലെ പുറത്തുവരും.
നൗഗാം പൊലീസ് സ്‌റ്റേഷനില്‍ സ്‌ഫോടനം: ഒന്‍പത് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
