രാഹുൽ ആദ്യം ആവശ്യപ്പെട്ടത് ചർച്ച, പിന്നീട് രാജി ആവശ്യത്തിലേക്ക് നിലപാട് മാറ്റി: ജിതേന്ദ്ര സിം​ഗ്

രാഹുൽ ആദ്യം ആവശ്യപ്പെട്ടത് ചർച്ച, പിന്നീട് രാജി ആവശ്യത്തിലേക്ക് നിലപാട് മാറ്റി: ജിതേന്ദ്ര സിം​ഗ്


ന്യൂ‍ഡൽഹി: രാജ്യ തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക് ചേരാത്ത പെരുമാറ്റമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തന്നെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും നിയോഗിച്ചിരുന്നുവെന്നും, എന്നാൽ ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നുവെന്നും എക്സിൽ ഇട്ട കുറിപ്പിൽ മന്ത്രി വ്യക്തമാക്കി. 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം തുടങ്ങിയതിന് പിന്നാലെ രാഹുൽ ഗാന്ധിയടക്കമുള്ള സമരക്കാരുമായി ചർച്ച നടത്തിയ ജിതേന്ദ്ര സിങ്, എക്സ് പ്ലാറ്റ്ഫോമിൽ രണ്ട് കുറിപ്പുകളിലൂടെയാണ് വിമർശനം നടത്തിയത്. നീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് സർക്കാർ സമ്മതിച്ചാൽ സമരം അവസാനിപ്പിക്കാമെന്നാണ് രാഹുൽ ഗാന്ധി ആദ്യം ആവശ്യപ്പെട്ടതെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. സർക്കാരിന്റെ ഉയർന്ന ഘടകങ്ങളുമായി സംസാരിച്ച് ഈ ആവശ്യം അംഗീകരിച്ചതായി അറിയിച്ചപ്പോൾ രാഹുൽ ഗാന്ധി പെട്ടെന്ന് നിലപാട് മാറ്റുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി വേണമെന്ന പുതിയ ആവശ്യം കൂടി രാഹുൽ മുന്നോട്ടുവെച്ചു. ഒരു മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ വ്യക്തി ഇത്തരത്തിൽ വാക്കുമാറി സംസാരിക്കുന്നത് നിർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു.

പ്രതിഷേധത്തിന് അനുയോജ്യ വേദി പ്രധാനമന്ത്രിയുടെ വസതിയല്ലെന്നും മന്ത്രി പറഞ്ഞു  ഇത്തരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സമരം നടത്താൻ അനുയോജ്യമായ സ്ഥലമല്ല ഇതെന്ന് ഓർമ്മിപ്പിച്ചപ്പോൾ 'അത് തന്റെ തീരുമാനമാണ്' എന്നായിരുന്നു രാഹുലിന്റെ മറുപടി. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ പൂർണ്ണ സജ്ജമാണെന്നും, എന്നാൽ ഇതുവരെ ചട്ടപ്രകാരമുള്ള നോട്ടീസ് നൽകാൻ പോലും കോൺഗ്രസ് തയ്യാറായിട്ടില്ലെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.