'ജന്തര്‍ മന്തര്‍ സീസണ്‍ 2 ഉടന്‍'; ഡല്‍ഹിയില്‍ യോഗത്തിന് വേദി അനുവദിക്കാത്തതിന് പിന്നില്‍ ബി ജെ പിയുടെ സമ്മര്‍ദമെന്ന് സി ജെ പി

'ജന്തര്‍ മന്തര്‍ സീസണ്‍ 2 ഉടന്‍'; ഡല്‍ഹിയില്‍ യോഗത്തിന് വേദി അനുവദിക്കാത്തതിന് പിന്നില്‍ ബി ജെ പിയുടെ സമ്മര്‍ദമെന്ന് സി ജെ പി


ന്യൂഡല്‍ഹി: പുതിയ പ്രതിഷേധ പരിപാടിയുമായി ഉടന്‍ രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. നേരത്തെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ മാതൃകയില്‍ സംഘടിപ്പിച്ച സമരത്തിന്റെ തുടര്‍ച്ചയായിരിക്കും പുതിയ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ 'ജന്തര്‍ മന്തര്‍ സീസണ്‍ 2' എന്നാണ് ദിപ്‌കെ വിശേഷിപ്പിച്ചത്. ബുധനാഴ്ച നടന്ന പൊതുയോഗത്തിലാണ് ദിപ്‌കെ പുതിയ സമരപരിപാടി പ്രഖ്യാപിച്ചത്.

''ജന്തര്‍ മന്തറിന്റെ സീസണ്‍ 2 എപ്പോള്‍ തുടങ്ങുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ നിരവധി പേര്‍ ചോദിക്കുന്നുണ്ട്. സീസണ്‍ 2 വളരെ ഉടന്‍ ആരംഭിക്കുമെന്ന് അവരോട് പറയാന്‍ ആഗ്രഹിക്കുന്നു,'' ദിപ്‌കെ പറഞ്ഞു.

സി ജെ പി പ്രവര്‍ത്തകരുടെ യോഗം നടത്തുന്നതിന് ഡല്‍ഹിയില്‍ വേദി കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിട്ടതായും ദിപ്‌കെ ആരോപിച്ചു. നിരവധി ഹാള്‍ ഉടമകള്‍ 'മുകളില്‍നിന്നുള്ള സമ്മര്‍ദം' ചൂണ്ടിക്കാട്ടി വേദി നല്‍കാന്‍ വിസമ്മതിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

'ഇന്ന് ഡല്‍ഹിയില്‍ ഞങ്ങളുടെ പ്രവര്‍ത്തകരുടെ യോഗം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഒരു ഹാള്‍ അന്വേഷിച്ചെങ്കിലും ആരും വാടകയ്ക്ക് നല്‍കാന്‍ തയ്യാറായില്ല. എല്ലാവരും മുകളില്‍നിന്ന് സമ്മര്‍ദമുണ്ടെന്നാണ് പറഞ്ഞത്,' ദിപ്‌കെ പറഞ്ഞു.

ഒടുവില്‍ ഒരു ഹാള്‍ കണ്ടെത്തിയെങ്കിലും യോഗം നടക്കുന്നതിന് മുമ്പ് ഉടമകള്‍ക്ക് ഭീഷണി ലഭിച്ചതായും അദ്ദേഹം ആരോപിച്ചു.

'സി ജെ പി യോഗം ഇവിടെ നടത്താന്‍ അനുവദിച്ചാല്‍ തലകീഴായി കെട്ടിത്തൂക്കുമെന്ന് അവരോട് പറഞ്ഞതായാണ് അറിയുന്നത്,' ദിപ്‌കെ ആരോപിച്ചു.

ഭീഷണിക്ക് പിന്നില്‍ ബി ജെ പിയാണെന്നും ഇത്തരം നടപടികളിലൂടെ പാര്‍ട്ടിയെ പിന്തിരിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇതെല്ലാം ബി ജെ പിയാണ് ചെയ്യുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും രാജ്യത്തെ യുവാക്കളെ അവര്‍ ഭയപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു. ഇത്തരം നിസ്സാര നടപടികളിലൂടെ ഞങ്ങളെ ഭയപ്പെടുത്താമെന്ന് കരുതുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി,' ദിപ്‌കെ പറഞ്ഞു.

സി ജെ പി ജന്തര്‍ മന്തറില്‍ 37 ദിവസം നീണ്ട പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് ദിപ്‌കെയുടെ പുതിയ പ്രഖ്യാപനം. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെയും മറ്റ് പ്രധാന ആവശ്യങ്ങളില്‍ ഉറപ്പുകള്‍ ലഭിച്ചതോടെയും ജൂലൈ 25നാണ് സമരം അവസാനിപ്പിച്ചത്.

'ജന്തര്‍ മന്തര്‍ സീസണ്‍ 2' എന്ന ദിപ്‌കെയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് സി ജെ പി ചീഫ് വക്താവ് സൗരവ് ദാസ് പുതിയ ഘട്ടത്തിലെ പ്രചാരണം ഇതിനകം ആരംഭിച്ചുകഴിഞ്ഞതായി പറഞ്ഞു.

'ഇത് തന്നെയാണ് സീസണ്‍ രണ്ട്. ഇത്തരം കഴിവുകെട്ട സര്‍ക്കാരുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ജനങ്ങള്‍ക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കുന്നതിനായി സി ജെ പിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപക 'ലിസണിങ് ടൂര്‍' ആരംഭിക്കുകയാണ്. സ്വാതന്ത്ര്യദിനം മുതല്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രചാരണം നടത്തും,' ദാസ് പറഞ്ഞു.

ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായിരിക്കും രാജ്യവ്യാപക പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യമെന്നും സ്വാതന്ത്ര്യദിനം മുതല്‍ വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.