'ജനനായകന്‍'

'ജനനായകന്‍'


ചെന്നൈ: ഇന്ത്യയില്‍ ഓരോ തെരഞ്ഞെടുപ്പ് കാലത്തും സിനിമയും രാഷ്ട്രീയവും തമ്മിലുള്ള അതിരുകള്‍ മങ്ങിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ ആരംഭിച്ച ഈ പ്രവണത രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വേഗത്തിലാണ് വ്യാപിച്ചത്. 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന ചലച്ചിത്ര താരം വിജയിനെ രാഷ്ട്രീയ കേന്ദ്രത്തിലേക്ക് ഉയര്‍ത്തിയ വര്‍ഷമായി രേഖപ്പെടുത്തും.

'ഇളയ ദളപതി' എന്ന പേരില്‍ ആരാധകരുടെ പ്രിയങ്കരനായ വിജയ് മൂന്ന് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയില്‍ നേടിയ ജനപ്രീതിയാണ്  രാഷ്ട്രീയ വിജയമായി മാറ്റിയിരിക്കുന്നത്. എം ജി രാമചന്ദ്രന്‍, ജെ ജയലളിത എന്നിവരുടെ നിരയില്‍ ഇടംനേടി അദ്ദേഹത്തിന്റെ പാര്‍ട്ടി തമിഴഗ വെട്രി കഴകം (ടി വി കെ) ശക്തമായ വിജയമാണ് നേടിയത്.

സംവിധായകനായ എസ് എ ചന്ദ്രശേഖരയുടേയും ഗായിക ശോഭ ചന്ദ്രശേഖറിന്റേയും മകനായ വിജയ് ചെറുപ്പം മുതല്‍ സിനിമയുമായി ബന്ധപ്പെട്ടിട്ടുണ്ട്. 1992-ല്‍ അഭിനയജീവിതം ആരംഭിച്ച അദ്ദേഹം തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും പിന്നീട് ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചത്. 

സെന്തൂരപാണ്ടി പോലുള്ള ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ വിജയ്, പിന്നീട് മേഴ്‌സല്‍, സര്‍ക്കാര്‍, കത്തി എന്നീ സിനിമകളിലൂടെ സാമൂഹിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ജി എസ് ടി, കര്‍ഷകാവകാശങ്ങള്‍, കോര്‍പ്പറേറ്റ് അധികാരം തുടങ്ങിയ വിഷയങ്ങള്‍ സിനിമയിലൂടെ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്താഗതിക്ക് അടിത്തറയിട്ടു.

2009-ല്‍ ആരംഭിച്ച വിജയ് മക്കള്‍ ഇയ്യക്കം (വി എം ഐ) അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകള്‍ക്ക് ശക്തി നല്‍കി. സൗജന്യ പഠനകേന്ദ്രങ്ങള്‍, രക്തദാന ക്യാമ്പുകള്‍, ആരോഗ്യ സേവനങ്ങള്‍ എന്നിവയിലൂടെ ഗ്രാമീണ മേഖലകളില്‍ ശക്തമായ പിന്തുണ നേടി.

2021-ലെ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ വി എം ഐ നേടിയ വിജയം വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുക്കി.

2026 ഫെബ്രുവരിയില്‍ വിജയ് സ്വന്തം പാര്‍ട്ടി തമിഴഗ വെട്രി കഴകം ആരംഭിച്ചു. അദ്ദേഹം അഴിമതി വിരുദ്ധത, സാമൂഹ്യനീതി, തമിഴ് അഭിമാനം എന്നിവയെ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്.

തിരഞ്ഞെടുപ്പിന് മുന്‍പ് വിജയ് നിരവധി വിവാദങ്ങള്‍ നേരിട്ടു. ജനനായഗന്‍ എന്ന സിനിമ റിലീസ് വൈകിയത്, പകര്‍പ്പവകാശ ആരോപണങ്ങള്‍ എന്നിവയും അദ്ദേഹത്തെ ബാധിച്ചു.

ഭാര്യ സംഗീത സോരണലിംഗം വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചതും നടി തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും വലിയ ചര്‍ച്ചയായി. എന്നാല്‍ ഈ വിവാദങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രചാരണത്തെ ബാധിച്ചില്ല.

തമിഴ്‌നാട് തെരഞ്ഞെടുപ്പ്ഫലം പുറത്തുവന്നപ്പോള്‍ ടി വി കെ കണക്കുകൂട്ടലുകള്‍ക്കപ്പുറത്താണ് ഉയര്‍ന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെയ്തു. 

രാജിനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയവര്‍ക്ക് സാധിക്കാത്ത രീതിയില്‍ ആരാധകശക്തിയെ വോട്ടുകളാക്കി മാറ്റാന്‍ വിജയിക്ക് സാധിച്ചു. ജയലളിതയ്ക്കും എം ജ ിആറിനും ശേഷം ശക്തമായ ഭൂരിപക്ഷ പിന്തുണ നേടുന്ന നടനായും അദ്ദേഹം മാറി.