ന്യൂഡല്‍ഹി/ സിംഗപ്പൂര്‍: യു എസ്- ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ പ്രതിസന്ധി കുറയ്ക്കുന്നതിന് വാഷിങ്ടണ്‍ താത്ക്കാലികമായി ഉപരോധം ഇളവ് ചെയ്തതോടെ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ഇറാനിയന്‍ ക്രൂഡ് ഓയില്‍ ബ്രെന്റ് വിലയെക്കാള്‍ പ്രീമിയത്തില്‍ വ്യാപാരികള്‍ വാഗ്ദാനം ചെയ്തതായി വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യ 2019 മെയ് മുതല്‍ യു എസ്. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനില്‍ നിന്ന് ഒരു ചരക്കുപോലും സ്വീകരിച്ചിട്ടില്ല.
എന്നാല്‍ യുദ്ധം നാലാം ആഴ്ചയിലേക്ക് കടന്നതോടെ ഹോര്‍മുസ് കടലിടുക്കിലൂടെ ഊര്‍ജ ചരക്ക് ഗതാഗതത്തിലെ തടസ്സം ഇന്ത്യയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇറാനില്‍ നിന്ന് എണ്ണയും ദ്രവീകൃത പെട്രോളിയം വാതകവും പരമാവധി വാങ്ങുന്നതിന് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ഏകദേശം ഒരു മാസം സമയം ലഭ്യമാണെന്ന് ഉറവിടങ്ങള്‍ അറിയിച്ചു.
എണ്ണ ലഭ്യതയിലെ കുറവിനൊപ്പം പ്രധാനമായും പാചക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്‍ പി ജിയുടെ ഗുരുതര ക്ഷാമവും ഇന്ത്യ നേരിടുന്നുണ്ട്. എണ്ണവില കുതിച്ചുയരുന്നത് നിയന്ത്രിക്കാന്‍ യു എസ് ഉപരോധങ്ങള്‍ ഇളവ് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യ ഇതിനകം തന്നെ റഷ്യന്‍ എണ്ണയുടെ ലക്ഷക്കണക്കിന് ബാരലുകള്‍ വാങ്ങിയിട്ടുണ്ട്.
വ്യാപാരികളും ഇറാന്റെ ദേശീയ എണ്ണ കമ്പനിയും (എന്‍ ഐ ഒ സി) പണമടയ്ക്കല്‍ ഡോളറില്‍ വേണമെന്നാവശ്യപ്പെടുന്നുവെന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കി. ചിലര്‍ ഇന്ത്യന്‍ രൂപയിലും പണമടയ്ക്കല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ഉറവിടങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
മാര്‍ച്ച് 20ന് മുമ്പ് കപ്പലുകളില്‍ കയറ്റിയ ഇറാനിയന്‍ എണ്ണ വാങ്ങുന്നതിന് 30 ദിവസത്തെ ഉപരോധ ഇളവ് യു എസ് ട്രഷറി സെക്രട്ടറി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് 20നകം കയറ്റി ഏപ്രില്‍ 19നകം ഇറക്കിവിടുന്ന എണ്ണക്കാണ് ഈ ഇളവ് ബാധകമാകുന്നത്.
ഉറവിടങ്ങള്‍ പറയുന്നതനുസരിച്ച് ഐസ് ബ്രെന്റ് വിലയെക്കാള്‍ ബാരലിന് 6 മുതല്‍ 8 ഡോളര്‍ വരെ അധിക പ്രീമിയത്തിലാണ് ഇറാനിയന്‍ എണ്ണ വാഗ്ദാനം ചെയ്യുന്നത്. ചരക്ക് എത്തിയതിന് ഏഴ് ദിവസത്തിനകം പണമടയ്ക്കണമെന്ന നിബന്ധനയും ഉണ്ടെന്നാണ് വിവരം.
ഇറാന് സ്വിഫ്റ്റ് പെയ്മെന്റ് സംവിധാനത്തില്‍ നിന്ന് പുറത്തായതിനാല്‍ പണമടയ്ക്കല്‍ സംവിധാനം വ്യക്തതയാര്ന്നതാകണമെന്ന് ഉറപ്പുവരുത്തിയ ശേഷമേ എന്‍ ഐ ഒ സിയുമായി കരാറുകള്‍ ഒപ്പിടൂവെന്ന് ഇന്ത്യന്‍ റിഫൈനറികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
എണ്ണ കമ്പനികളുടെ സാങ്കേതിക- വാണിജ്യ പരിഗണനകളുടെ അടിസ്ഥാനത്തിലായിരിക്കും ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞത്.
