ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയിയുടെ ഔദ്യോഗിക സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ ഭരണകക്ഷിയായ ബി ജെ പിയുടെയും പ്രതിപക്ഷമായ കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾക്ക് ഇറാൻ ഔദ്യോഗിക ക്ഷണം നൽകി. ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസിന്റെ വിദേശകാര്യ വിഭാഗം ചെയർമാൻ സൽമാൻ ഖുർഷിദ് എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.
ഖംനേയിയുടെ മരണത്തിന് പിന്നാലെ ന്യൂഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒപ്പുവെച്ചിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ചടങ്ങിൽ പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 4 മുതൽ 9 വരെ തെഹ്റാൻ, ഖോം, മഷ്ഹദ് എന്നിവിടങ്ങളിലായി നടക്കുന്ന സംസ്കാരച്ചടങ്ങുകൾ ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക അനുസ്മരണ പരിപാടികളിലൊന്നായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇറാഖിലും അനുശോചന റാലികൾ സംഘടിപ്പിക്കും.
പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ചടങ്ങുകളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാൻ പ്രതീക്ഷിക്കുന്നത്. ഇന്ത്യയും ഇറാനും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തിന്റെ പ്രതീകമാണ് ഈ ക്ഷണങ്ങളെന്നും പശ്ചിമേഷ്യയിലെ സങ്കീർണമായ സാഹചര്യങ്ങൾക്കിടയിലും ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം തുടരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
ഫെബ്രുവരിയിലെ സംഘർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും നിരവധി തവണ ടെലിഫോണിൽ ആശയവിനിമയം നടത്തിയിരുന്നു. സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന്റെ സുരക്ഷ, സംഭാഷണത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകത എന്നിവയാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളെ അപലപിച്ച ഇന്ത്യ നയതന്ത്രപരമായ പരിഹാരത്തിനാണ് തുടർച്ചയായി പിന്തുണ പ്രഖ്യാപിച്ചുവരുന്നത്.
ജമ്മു- കശ്മീരിലെ പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തി, ലോക്സഭാംഗങ്ങളായ റൂഹുല്ല മെഹ്ദി, ഹാജി ഹനീഫ, ഇമ്രാൻ മസൂദ്, അഫ്സൽ അൻസാരി എന്നിവർക്കും ഇറാൻ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണം നൽകിയിട്ടുണ്ട്.
