ജമ്മു-കശ്മീരിനെ കുറിച്ചുള്ള ചൈന-പാക് പരാമർശങ്ങൾ തള്ളി ഇന്ത്യ; 'അവിഭാജ്യ ഘടകങ്ങൾ തന്നെയാണെന്ന് വിദേശകാര്യ മന്ത്രാലയം

ജമ്മു-കശ്മീരിനെ കുറിച്ചുള്ള ചൈന-പാക് പരാമർശങ്ങൾ തള്ളി ഇന്ത്യ; 'അവിഭാജ്യ ഘടകങ്ങൾ തന്നെയാണെന്ന് വിദേശകാര്യ മന്ത്രാലയം


ന്യൂഡൽഹി: ജമ്മു-കശ്മീരിനെയും ലഡാക്കിനെയും കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പരാമർശങ്ങൾ ശക്തമായി തള്ളി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും ഉന്നതതല ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ പരാമർശങ്ങളാണ് ഇന്ത്യ 'അനാവശ്യവും അംഗീകരിക്കാനാകാത്തതും' എന്ന് വിശേഷിപ്പിച്ചത്.

ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യവും വേർതിരിക്കാനാകാത്തതുമായ ഭാഗങ്ങളാണെന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആവർത്തിച്ചു.

'ജമ്മു-കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു, ഇപ്പോഴും അതുതന്നെയാണ്, എന്നും അങ്ങനെ തുടരും. ഇതുസംബന്ധിച്ച് അഭിപ്രായപ്പെടാൻ മറ്റേതൊരു രാജ്യത്തിനും അധികാരമില്ല' എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഇന്ത്യ തള്ളി. പദ്ധതിയുടെ ചില ഭാഗങ്ങൾ പാകിസ്താൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശങ്ങളിലൂടെയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

'ഇന്ത്യയുടെ പരമാധികാരത്തെയും ഭൗമ അഖണ്ഡതയെയും ബാധിക്കുന്ന രീതിയിൽ പാകിസ്താന്റെ അനധികൃത അധിനിവേശത്തെ സാധൂകരിക്കുന്ന ഏതൊരു നീക്കവും ഇന്ത്യ ശക്തമായി എതിർക്കുന്നു' എന്നും മന്ത്രാലയം വ്യക്തമാക്കി. ഈ നിലപാട് ചൈനയെയും പാകിസ്താനെയും പലവട്ടം അറിയിച്ചതായും ഇന്ത്യ പറഞ്ഞു.

ചൈന-പാകിസ്താൻ 'അതിർത്തി കടന്നുള്ള ജലവിഭവ സഹകരണം' സംബന്ധിച്ച പരാമർശവും ഇന്ത്യ തള്ളി. 'ചൈനക്കും പാകിസ്താനുമിടയിൽ അതിർത്തി ഇല്ലാത്തതിനാൽ ഇത്തരം ജലവിഭവ സഹകരണത്തിന്റെ ചോദ്യമില്ല. 1963ലെ ചൈന-പാക് അതിർത്തി കരാർ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല' എന്നും ജയ്‌സ്വാൾ പറഞ്ഞു.

ഷി ജിൻപിങ്ങും ഷെഹബാസ് ഷെരീഫും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തുവന്നത്. കശ്മീർ വിഷയം 'ചരിത്രത്തിൽ നിന്ന് ശേഷിച്ച പ്രശ്‌നം' ആണെന്നും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ സമാധാനപരമായി പരിഹരിക്കണമെന്നുമാണ് ചൈന-പാക് പ്രസ്താവനയിൽ പറയുന്നത്.

നാലുദിവസത്തെ ചൈന സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഓഫീസ് സംയുക്ത പ്രസ്താവന പുറത്തുവിട്ടത്. കശ്മീരിലെ പുതിയ സാഹചര്യങ്ങളെക്കുറിച്ച് പാകിസ്താൻ ചൈനയെ ബോധിപ്പിച്ചുവെന്നും ചൈന തങ്ങളുടെ പഴയ നിലപാട് ആവർത്തിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.