കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ 'ഇന്‍ഡിഗോ ലൈറ്റ്' അവതരിപ്പിച്ച് ഇന്‍ഡിഗോ

കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ 'ഇന്‍ഡിഗോ ലൈറ്റ്' അവതരിപ്പിച്ച് ഇന്‍ഡിഗോ


ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്കായി പുതിയ 'ഇന്‍ഡിഗോ ലൈറ്റ്' ടിക്കറ്റ് നിരക്ക് അവതരിപ്പിച്ച് ഇന്‍ഡിഗോ. ഹാന്‍ഡ് ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ അടിസ്ഥാന നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ 'എന്‍ട്രി ലെവല്‍' ഇക്കോണമി നിരക്ക് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ നിരക്ക് ജൂലൈ 1 മുതല്‍ ബുക്ക് ചെയ്യാം. ജൂലൈ 15 മുതലുള്ള യാത്രകള്‍ക്കാണ് ഈ നിരക്ക് ബാധകമാകുക.

ആഗോള എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ (എ ടി എഫ്) വില ലിറ്ററിന് ഏകദേശം അഞ്ച് രൂപ കുറച്ചതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ പ്രഖ്യാപനം വന്നത്. എന്നാല്‍ 'ഇന്‍ഡിഗോ ലൈറ്റ്' നിരക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച എ ടി എഫ് വിലക്കുറവുമായി ബന്ധപ്പെട്ടതല്ലെന്ന് കമ്പനി വ്യക്തമാക്കി.

ആഭ്യന്തര, അന്തര്‍ദേശീയ നോണ്‍-സ്റ്റോപ്പ് സര്‍വീസുകളില്‍ ഇന്‍ഡിഗോ ലൈറ്റ് ലഭ്യമാണ്. വണ്‍വേ, റൗണ്ട് ട്രിപ്, മള്‍ട്ടി സിറ്റി യാത്രകള്‍ക്ക് ഈ നിരക്ക് ബാധകമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ലഭിക്കും.

നിലവില്‍ ഇന്‍ഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, കോണ്‍ടാക്ട് സെന്റര്‍ എന്നിവ വഴിയുള്ള ബുക്കിംഗുകള്‍ക്ക് മാത്രമാണ് സൗകര്യം.

7 കിലോഗ്രാം വരെ ഹാന്റ് ബാഗേജ് മാത്രമേ അനുവദിക്കൂ. ചെക്കിന്‍ ബാഗേജ് ഈ നിരക്കില്‍ ഉള്‍പ്പെടില്ല.

ആവശ്യമായ സേവനങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അതിനനുസരിച്ച് പണം നല്‍കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാച്ചെലവ് നിയന്ത്രിക്കാനാണ് പുതിയ നിരക്ക് സഹായിക്കുകയെന്ന് ഇന്‍ഡിഗോ അറിയിച്ചു. അധിക സേവനങ്ങള്‍ ആവശ്യമായാല്‍ അവ പ്രത്യേകം നിരക്ക് നല്‍കി ചേര്‍ക്കാനാകും.

കുറഞ്ഞ സാധനങ്ങളുമായി യാത്ര ചെയ്യുന്ന ആഭ്യന്തര- അന്തര്‍ദേശീയ യാത്രക്കാരെ ലക്ഷ്യമിട്ടുള്ള ഈ പുതിയ നിരക്ക്, ഇന്ത്യയിലെ വ്യോമയാന വിപണിയില്‍ കുറഞ്ഞ നിരക്കിലുള്ള യാത്രാ ഓപ്ഷനുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.