ഒരു വിമാനത്താവള ദൃശ്യം മനസ്സില്‍ വരച്ചുനോക്കൂ. ഒരു ചെറിയ പെണ്‍കുട്ടി ലഗേജ് ട്രോളിയില്‍ ഉറങ്ങി കിടക്കുന്നു; കയ്യില്‍ തന്റെ ടെഡിബെയര്‍. അര്‍ധരാത്രിയിലെ വിമാനത്താവള വെളിച്ചം അവള്‍ക്കു വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് അവളുടെ വിമാനം റദ്ദാക്കിയിരിക്കുന്നത്. ഏതാനും അടി അകലെ ഒരു വയോധിക ദമ്പതികള്‍ നിലത്തിരിക്കുന്നുണ്ട്. യാത്രയ്ക്കായി തയ്യാറെടുത്ത് എത്തിയതെങ്കിലും ശരീരം തളര്‍ന്നിട്ടുണ്ട്. അവരുടെ മരുന്ന് ചെക്ക്ഡ്-ഇന്‍ ബാഗിലാണ്; അത് അവര്‍ക്ക് ഇപ്പോഴൊന്നും തിരികെ കിട്ടാനുള്ള യാതൊരു സാധ്യതകളുമില്ല. ഒരുവശത്ത് ഒരു യുവതി നിശബ്ദമായി കരഞ്ഞുകൊണ്ട് പുതതായി ജോലി കിട്ടിയ സ്ഥാപനത്തിലേക്ക് ജോയിന്‍ ചെയ്യാന്‍ വൈകുമെന്നറിയിച്ച് ഇമെയില്‍ ടൈപ്പ് ചെയ്യുന്നു. അവള്‍ക്ക് ജോലിയുടെ ആദ്യ ദിവസം എത്താന്‍ കഴിയില്ല; കാരണം, അവള്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത വിമാന യാത്ര എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഇതൊന്നും ഏതെങ്കിലുമൊരു സിനിമയില്‍ നിന്നുള്ള രംഗങ്ങളല്ല. ഇന്ത്യന്‍ വ്യോമഗതാഗതത്തിന്റെ നേര്‍ ചിത്രമാണ് വരച്ചവെച്ചിരിക്കുന്നത്.
നിലവില്‍ ഇന്ത്യയുടെ ആഭ്യന്തര ആകാശത്തെ നിയന്ത്രിക്കുന്ന വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. അവരാണ് പുതിയ പൈലറ്റ് ചട്ടങ്ങള്‍ നടപ്പായതോടെ ആയിരക്കണക്കിന് യാത്രക്കാരെ വിമാനത്താവളങ്ങളില്‍ കുടുക്കിക്കളഞ്ഞിരിക്കുന്നത്. യാത്രക്കാരെ സംരക്ഷിക്കാനായിരുന്നു ചട്ടമുണ്ടാക്കിയതെങ്കിലും പരസ്പരവിരുദ്ധമായ വിധത്തില്‍ ഇപ്പോള്‍ യാത്രക്കാരുടെ കഷ്ടപ്പാടിനും ബുദ്ധിമുട്ടിനുമാണ് അതു വഴിവച്ചിരിക്കുന്നത്.
പക്ഷേ, ഒരു കാര്യം വ്യക്തമാണ്: പ്രശ്‌നം ചട്ടങ്ങളല്ല.
പുതുക്കിയ എഫ് ഡി ടി എല്‍ (ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ്) ഒരു വര്‍ഷത്തിലേറെ മുന്‍കൂട്ടി അറിയിച്ച് നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. പൈലറ്റുമാരുടെ തളര്‍ച്ച കുറയ്ക്കാനും അപകടകരമായ പിഴവുകള്‍ ഒഴിവാക്കാനുമായിരുന്നു ലക്ഷ്യം. എയര്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് തയ്യാറാകാന്‍ ധാരാളം സമയം ഉണ്ടായിരുന്നു. പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍, ഷെഡ്യൂളുകള്‍ ക്രമപ്പെടുത്താന്‍, പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ആവശ്യത്തില്‍ കൂടുതല്‍ സമയം അനുവദിച്ചിരുന്നു. പക്ഷേ അവര്‍ ഒന്നും ചെയ്തില്ല.
ഘട്ടം ഘട്ടമായി നടപ്പാക്കുന്ന രീതിയില്‍ 2025 ജൂലൈ മുതല്‍ ഇത് ആരംഭിച്ചിരുന്നു. പൂര്‍ണ്ണമായ നടപ്പാക്കല്‍ 2025 നവംബറിലും. എന്നാല്‍ നിശ്ചിത ദിവസം വന്നപ്പോള്‍ ഇന്‍ഡിഗോയുടെ സര്‍വീസുകളെല്ലാം തകരാറിലായി. തയ്യാറെടുപ്പിന് പകരം കലാപം; ഉത്തരവാദിത്തത്തിന് പകരം തിരിച്ചടി.
ഇത് പൈലറ്റുമാരുടെ തളര്‍ച്ചയുടെ മാത്രം പ്രശ്‌നമല്ല യാത്രക്കാരുടെ സുരക്ഷയും അതില്‍ ഉള്‍പ്പെടുന്നു.
എന്നിട്ടിപ്പോള്‍ വിമാനങ്ങള്‍ റദ്ദാക്കിയതിന് ശേഷം യാത്രക്കാര്‍ക്ക് ലഭിച്ചതെന്തായിരുന്നു- ഒരു വരി സന്ദേശം: റീഫണ്ട് ഹാസ് ബീന്‍ പ്രൊസസ്ഡ്.
ആര്‍ക്കാണിവര്‍ റീഫണ്ട് നല്‍കുന്നത്. ചികിത്സയ്ക്കായി അടിയന്തര വിമാന ടിക്കറ്റ് എടുത്ത മാതാപിതാക്കള്‍ക്കോ? അവസാന നിമിഷം എടുത്ത 300 ശതമാനം അധിക വിലയുള്ള പുതിയ ടിക്കറ്റുകള്‍ വാങ്ങിയ യാത്രക്കാര്‍ക്കോ? കോളജില്‍ പ്രവേശനത്തിനുള്ള സീറ്റ് അല്ലെങ്കില്‍ വിസ സമയം നഷ്ടപ്പെട്ട വിദ്യാര്‍ഥിക്കോ?
റീഫണ്ട് ലഭിക്കുകയെന്നാല്‍ നിങ്ങള്‍ നല്‍കിയ പണം മാത്രമേ തിരികെ നല്‍കുന്നുള്ളു. എന്നാല്‍ സര്‍വീസ് റദ്ദാക്കിയതിലൂടെ നിങ്ങള്‍ ആസൂത്രണം ചെയ്ത ജീവിതം അവര്‍ മോഷ്ടിക്കുന്നു.
ഒരു ജോലിയവസരം, ഒരു ചികിത്സാ അവസരം, ഒരു കുടുംബ മുഹൂര്‍ത്തം- ഇവയുടെയൊക്കെ മൂല്യം രൂപയില്‍ അളക്കാനാവുമോ?
യാത്രക്കാരെന്നാല്‍ ചരക്കുകളല്ല. അവരെ സാധനങ്ങളായി പരിഗണക്കാനാവില്ല. അവര്‍ക്ക് സമയക്രമവും പ്രതിബദ്ധതയും പരിചരണവും അടിസ്ഥാനമാണ്. ഒഴിവാക്കാമായിരുന്ന കോര്‍പ്പറേറ്റ് പിഴവായിരുന്നു ഇന്‍ഡിഗോയുടെ ഈ പ്രതിസന്ധി.
ഇന്ത്യ ലോകനിലവാരമുള്ള വിമാനത്താവളങ്ങള്‍ പണിയുന്നു, വ്യോമഗതാഗതം വളരുന്നു, പുതിയ വിമാനങ്ങള്‍ ചേര്‍ക്കുന്നു. പക്ഷേ യഥാര്‍ഥ പുരോഗതി എത്ര വിമാനങ്ങള്‍ പറക്കുന്നു എന്നതിലല്ല മറിച്ച് അവയില്‍ കയറുന്ന യാത്രക്കാരെ എത്ര മാന്യമായി ഒരു കമ്പനി പരിഗണിക്കുന്നു എന്നതിലാണ്.
ഇന്‍ഡിഗോയുടെ തകരാര്‍ ഒരു സത്യം വെളിപ്പെടുത്തുന്നുണ്ട്- ഈ സംവിധാനത്തില്‍ നഷ്ടം ഏറ്റുവാങ്ങുന്നത് യാത്രക്കാരാണ്.
ഇന്ത്യക്കാര്‍ക്ക് ക്ഷമാപണങ്ങളും ഓട്ടോമേറ്റഡ് സന്ദേശങ്ങളും മതിയാകുമായിരിക്കും. എന്നാല്‍ വിമാനക്കമ്പനികള്‍ക്ക് യഥാര്‍ഥ ഉത്തരവാദിത്വമാണ് വേണ്ടത്.
(ലേഖകന്‍ 35 വര്‍ഷത്തെ അനുഭവമുള്ള വ്യോമഗതാഗത വിദഗ്ധനാണ്)
