ഇന്ത്യയുടെ വിദേശനാണ്യ ശേഖരം റെക്കോര്‍ഡ് ഉയരത്തില്‍

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം റെക്കോര്‍ഡ് ഉയരത്തില്‍


ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 11.5 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് ഉയരമായ 740.8 ബില്യണ്‍ ഡോളറിലെത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണിത്.

തൊട്ടുമുമ്പത്തെ റിപ്പോര്‍ട്ടിങ് ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 12.422 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 729.328 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. അതിനു മുമ്പുള്ള റെക്കോര്‍ഡ് 728.494 ബില്യണ്‍ ഡോളറായിരുന്നു.

പ്രാദേശിക കറന്‍സിയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് ജൂണില്‍ ആര്‍ ബി ഐ പ്രഖ്യാപിച്ച ഇളവുകളോടെയുള്ള ഫോറെക്‌സ് സ്വാപ്പ് നടപടികള്‍ക്കുശേഷമാണ് വിദേശനാണ്യ ശേഖരത്തില്‍ വര്‍ധന തുടരുന്നത്. ഇതിലൂടെ 132 ബില്യണ്‍ ഡോളറിലധികം പുതിയ നിക്ഷേപ ഒഴുക്ക് ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 28ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 9.337 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 600.67 ബില്യണ്‍ ഡോളറിലെത്തിയതായി കേന്ദ്ര ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വര്‍ണശേഖരത്തിന്റെ മൂല്യം 2.191 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 116.409 ബില്യണ്‍ ഡോളറായും ഉയര്‍ന്നു.

അതേസമയം, പ്രത്യേക ഡ്രോയിങ് അവകാശങ്ങള്‍ (എസ് ഡി ആര്‍) 43 ദശലക്ഷം ഡോളര്‍ കുറഞ്ഞ് 18.81 ബില്യണ്‍ ഡോളറിലെത്തി. അന്താരാഷ്ട്ര നാണയനിധിയുമായുള്ള ഇന്ത്യയുടെ കരുതല്‍ നിലയും 11 ദശലക്ഷം ഡോളര്‍ കുറഞ്ഞ് 4.914 ബില്യണ്‍ ഡോളറായതായി ആര്‍ ബി ഐ അറിയിച്ചു.