ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്റെ രൂപരേഖ ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കി. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയില്‍പാതയില്‍ സര്‍വീസ് നടത്താനിരിക്കുന്ന ട്രെയിന്റെ ആദ്യ ചിത്രമാണ് തിങ്കളാഴ്ച പുറത്തുവിട്ടത്.
ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് ഗേറ്റ് നമ്പര്‍ 4ല്‍ സ്ഥാപിച്ച ചിത്രത്തിലൂടെയാണ് ബുള്ളറ്റ് ട്രെയിന്റെ രൂപകല്‍പ്പന പ്രദര്‍ശിപ്പിച്ചത്.
508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഫെബ്രുവരിയില്‍ റെയില്‍വേ മന്ത്രി ശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ പങ്കുവെച്ചിരുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്രാ ആന്‍ഡ് നഗര്‍ ഹവേലി കേന്ദ്രഭരണ പ്രദേശം എന്നിവയിലൂടെ കടന്നുപോകുന്ന പാതയില്‍ 12 സ്റ്റേഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുംബൈ, താനെ, വിരാര്‍, ബോയ്‌സര്‍, വാപ്പി, ബിലിമോറ, സൂറത്ത്, ഭറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി എന്നിവയാണ് സ്റ്റേഷനുകള്‍.
ഗുജറാത്തിലെ വാപ്പി, ബിലിമോറ, സൂറത്ത്, ഭറൂച്ച്, ആനന്ദ്, വഡോദര, അഹമ്മദാബാദ്, സബര്‍മതി സ്റ്റേഷനുകളിലെ അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു. മഹാരാഷ്ട്രയിലെ താനെ, വിരാര്‍, ബോയ്‌സര്‍ സ്റ്റേഷനുകളില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് സ്റ്റേഷനിലെ ഖനന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി നിരവധി നദിപ്പാലങ്ങളും നിര്‍മിക്കുന്നുണ്ട്. ഇതില്‍ 17 പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. ഗുജറാത്തിലെ നര്‍മദ, മാഹി, താപ്തി, സബര്‍മതി നദികളിലെ പ്രധാന പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിലും നാല് നദിപ്പാലങ്ങളുടെ നിര്‍മാണം നടക്കുന്നു.
'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ആഭ്യന്തര അതിവേഗ റെയില്‍ സാങ്കേതിക വിദ്യ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും ബെംഗളൂരുവിലെ ബി ഇ എം എല്ലും ചേര്‍ന്നാണ് മണിക്കൂറില്‍ 280 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന ട്രെയിന്‍ സെറ്റുകള്‍ വികസിപ്പിക്കുന്നത്.
ജപ്പാന്‍ റെയില്‍വേയുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച സുരക്ഷാ സംവിധാനങ്ങള്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്കും പ്രവര്‍ത്തന സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് നടപ്പാക്കുന്നതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. യാത്രാ നിരക്കുകള്‍ നിലവിലെ ട്രെയിന്‍- വിമാന സര്‍വീസുകളുമായി മത്സരക്ഷമമായ രീതിയില്‍ നിലനിര്‍ത്താനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
