ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായേലിലെത്തി; ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായേലിലെത്തി; ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു


ടെല്‍ അവീവ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മനോഡി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ടെല്‍ അവീവില്‍ എത്തി. ഇന്ത്യ- ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സന്ദര്‍ശനത്തില്‍ വിമാനത്താവളത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യ സാറയും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

പ്രധാനമന്ത്രി മോഡി രണ്ടാം തവണയാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് ഈ സന്ദര്‍ശനം നടക്കുന്നത്. സന്ദര്‍ശനത്തിനിടെ ഇന്ത്യ- ഇസ്രായേല്‍ സ്ട്രാറ്റജിക് പങ്കാളിത്തത്തിന്റെ കീഴില്‍ കൈവരിച്ച പുരോഗതി ഇരുനേതാക്കളും വിലയിരുത്തുകയും വിവിധ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യും.

ശാസ്ത്ര- സാങ്കേതികവിദ്യ, നവോഥാനം, പ്രതിരോധവും സുരക്ഷയും, കൃഷി, വ്യാപാരവും സമ്പദ്വ്യവസ്ഥയും ഉള്‍പ്പെടെ പ്രധാന മേഖലകളില്‍ സഹകരണം വികസിപ്പിക്കുന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുക. ജനങ്ങളിടയിലെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതും പ്രധാന വിഷയമായിരിക്കും. കൂടാതെ, പരസ്പര താത്പര്യമുള്ള പ്രാദേശികവും ആഗോളതലത്തിലുമുള്ള വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുമെന്ന് ഇസ്രായേലിലെ ഇന്ത്യന്‍ അംബാസഡര്‍ ജെ പി സിംഗ് അറിയിച്ചു. ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ നേതാവായിരിക്കും പ്രധാനമന്ത്രി മോഡി. വ്യാഴാഴ്ച അദ്ദേഹം ഇസ്രായേല്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തും. 

വെല്ലുവിളികള്‍ വിലയിരുത്തുകയും രണ്ട് ജനാധിപത്യ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാനുള്ള അവസരമാണ് ഈ സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും പ്രധാനമന്ത്രി മോഡിയുടെ സന്ദര്‍ശനത്തെ കുറിച്ചുള്ള സാമൂഹ്യമാധ്യമ കുറിപ്പില്‍ ഈ ഇടപെടല്‍ വ്യക്തമായ അജണ്ടയോടു കൂടിയതും ഇരുരാജ്യങ്ങളുടേയും ബന്ധങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നതുമായതാണെന്ന് മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയസ്വാല്‍ പറഞ്ഞു.