വിശാഖപട്ടണം: ശ്രീലങ്കന്‍ തീരത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിയ ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേന നല്‍കിയ എസ് ഒ എസ് സന്ദേശത്തിന് ഇന്ത്യന്‍ നാവികസേന അടിയന്തരമായി പ്രതികരിച്ചതായി വിവരം. ശ്രീലങ്കയിലെ ഗല്ലെ നഗരത്തിന്റെ തീരത്തുനിന്ന് ഏകദേശം 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്.
ഇന്ത്യന്‍ നാവികസേനയുടെ വിവരമനുസരിച്ച് കപ്പലില്‍ നിന്നുള്ള സഹായവിളി മാരിടൈം റെസ്‌ക്യൂ കോഓര്‍ഡിനേഷന്‍ സെന്റര്‍ കൊളംബോയിലേക്കാണ് എത്തിയത്. തുടര്‍ന്ന് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.
ഈ കപ്പല്‍ അടുത്തിടെ മിലന്‍ 2026 എന്ന ഇന്ത്യന്‍ നാവികസേനയുടെ അന്താരാഷ്ട്ര നാവികാഭ്യാസത്തില്‍ വിശാഖപട്ടണത്ത് പങ്കെടുത്തിരുന്നു. അഭ്യാസം കഴിഞ്ഞ് ഇറാനിലേക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു അമേരിക്കന്‍ സബ്മറീനില്‍ നിന്നുള്ള ടോര്‍പീഡോ ആക്രമണമാണ് കപ്പലിന് ഗുരുതരമായ നാശം വരുത്തിയത്. അതിനെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയത്.
തിരച്ചിലിനായി ഇന്ത്യന്‍ നാവികസേന ദീര്‍ഘദൂര സമുദ്ര നിരീക്ഷണ വിമാനം വിന്യസിച്ചു. സമീപത്ത് പരിശീലന മിഷനിലായിരുന്ന ഐഎന്‍എസ് തരംഗിണി എന്ന കപ്പലിനും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശം നല്‍കി സംഭവസ്ഥലത്തെത്തിച്ചു.
അപകടത്തില്‍ ഇതുവരെ 87 നാവികര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഏകദേശം 150 പേരെ കാണാതായിട്ടുണ്ട്. ശ്രീലങ്കന്‍ നാവിക സേന ഇതുവരെ 32 നാവികരെ രക്ഷപ്പെടുത്തി. ശേഷിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ പ്രതീക്ഷകള്‍ കുറയുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
