ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകി 'അരിധമാനും, 'താരഗിരി'യും കമ്മീഷൻ ചെയ്തു

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകി 'അരിധമാനും, 'താരഗിരി'യും കമ്മീഷൻ ചെയ്തു


വിശാഖപട്ടണം:  ഇന്ത്യൻ നാവികസേനയ്ക്ക് വലിയ കരുത്തേകുന്ന രണ്ടു പ്രധാന യുദ്ധസാമഗ്രികൾ കൂടി കമ്മീഷൻചെയ്തു.  ആണവശേഷിയുള്ള സബ്മറൈൻ ' ഐഎൻഎസ് അരിധമാനും  സ്റ്റെൽത്ത് യുദ്ധക്കപ്പൽ 'ഐഎൻഎസ് താരഗിരി'യും വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കമ്മീഷൻ ചെയ്തു.

ആഡ്വാൻസ്ഡ് ടെക്‌നോളജി വെസൽ (ATV) പദ്ധതിയുടെ ഭാഗമായി നിർമിച്ച ഐഎൻഎസ് അരിധമാൻ ഇന്ത്യയുടെ മൂന്നാമത്തെ ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ സബ്മറൈനാണ്. മുമ്പ് സേനയുടെ ഭാഗമായ ഐഎൻഎസ് അരിഹാന്റും ഐഎൻഎസ് അരിഘാട്ടും  ഉൾപ്പെടുന്ന ശ്രേണിയിലെ വികസിത പതിപ്പായ ഇത് കൂടുതൽ മിസൈൽ ശേഷിയോടെയാണ് എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ആണവത്രയത്തിലെ (ഭൂമി, വായു, സമുദ്രം) സമുദ്രഘടകത്തെ ശക്തിപ്പെടുത്തുന്നതിലൂടെ രണ്ടാംഘട്ട തിരിച്ചടിക്കുള്ള ഇന്ത്യയുടെ ശേഷി കൂടുതൽ ഉറപ്പാകുന്നു.

അതേസമയം, മുംബൈയിലെ  മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിൽ നിർമിച്ച  ഐഎൻഎസ് താരഗിരി  പ്രോജക്ട് 17Aയുടെ നാലാമത്തെ ഫ്രിഗറ്റാണ്. ഏകദേശം 6,670 ടൺ ഭാരമുള്ള ഈ കപ്പലിൽ 75 ശതമാനത്തിലധികം സ്വദേശീയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ള കപ്പൽ സൂപ്പർസോണിക് മിസൈലുകളും എയർ ഡിഫൻസ് സംവിധാനങ്ങളും ഉൾപ്പെടെ ശക്തമായ ആയുധങ്ങളോടെ സജ്ജമാണ്. കൂടാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്ന രീതിയിലും ഇത് രൂപകൽപന ചെയ്തിട്ടുണ്ട്.

ചടങ്ങിനോടനുബന്ധിച്ച് നാവിക ശാസ്ത്ര സാങ്കേതിക ലബോറട്ടറിയിൽ (NSTL) പുതിയ കവിട്ടേഷൻ ടണലിന് പ്രതിരോധമന്ത്രി ശിലാസ്ഥാപനവും നിർവഹിച്ചു. സമുദ്രസാങ്കേതിക ഉപകരണങ്ങൾ, ടോർപീഡോ സംവിധാനങ്ങൾ, പ്രൊപ്പല്ലർ ഡിസൈൻ എന്നിവയുടെ ഗവേഷണത്തിന് ഇത് സഹായകരമാകും.

രാജ്യത്തിന്റെ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ ഭാഗമായി പ്രതിരോധ രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റം കൈവരിച്ചിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.