ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായ സാഹചര്യത്തിൽ രാജ്യത്ത് എൽപിജി വിതരണത്തിന് തടസമുണ്ടാകാതിരിക്കാനായി കേന്ദ്ര സർക്കാർ എസൻഷ്യൽ കൊമോഡിറ്റീസ് ആക്ട് (ഇസിഎ) പ്രാബല്യത്തിൽ കൊണ്ടുവന്നു. 2026 മാർച്ച് മുതൽ പ്രാബല്യത്തിൽ വന്ന നടപടിയുടെ ഭാഗമായി പെട്രോളിയംപ്രകൃതിവാതക മന്ത്രാലയം എൽപിജിയും പ്രകൃതിവാതകവും ഉത്പാദിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇസ്രയേലും അമേരിക്കയും ഫെബ്രുവരി 28ന് ഇറാനെ ആക്രമിച്ചതിനെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് എൽപിജി ഉത്പാദനം പരമാവധി വർധിപ്പിക്കാനും ആഭ്യന്തര ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനുമാണ് നിർദേശം നൽകിയിരിക്കുന്നത്.
1955ലെ എസൻഷ്യൽ കൊമോഡിറ്റീസ് ആക്ടിലെ 3, 5 വകുപ്പുകൾ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് വിതരണപരിധിയും നിശ്ചയിച്ചിട്ടുണ്ട്.
ഇസിഎ എന്നത് അവശ്യവസ്തുക്കളുടെ വിതരണം തടസപ്പെടാതിരിക്കാനും സംഭരണം, കരിഞ്ചന്ത എന്നിവ നിയന്ത്രിക്കാനുമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ നിയമമാണ്. യുദ്ധം, ക്ഷാമം, വലിയ പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അസാധാരണ സാഹചര്യങ്ങളിൽ അവശ്യവസ്തുക്കളുടെ ഉത്പാദനം, വിതരണം, വില നിയന്ത്രണം എന്നിവ സർക്കാർ നിയന്ത്രണത്തിലാക്കാൻ ഈ നിയമം അധികാരം നൽകുന്നു.
2020ൽ നിയമത്തിൽ ഭേദഗതി വരുത്തിയതോടെ ധാന്യങ്ങൾ, പരിപ്പ്, ഉരുളക്കിഴങ്ങ്, ഉള്ളി, എണ്ണവിത്തുകൾ, ഭക്ഷ്യഎണ്ണ എന്നിവയിൽ സർക്കാർ ഇടപെടൽ യുദ്ധം പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തി. അതിനുശേഷം ഭക്ഷ്യവില നിയന്ത്രിക്കാനും ആഭ്യന്തര വിതരണവും ഉറപ്പാക്കാനും കേന്ദ്ര സർക്കാർ അഞ്ച് തവണയാണ് ഈ നിയമം പ്രയോഗിച്ചത്.
ഇപ്പോഴത്തെ ഉത്തരവനുസരിച്ച് എണ്ണ ശുദ്ധീകരണ കമ്പനികൾ പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ തുടങ്ങിയ ഘടകങ്ങൾ ഉപയോഗിച്ച് എൽപിജി ഉത്പാദനം പരമാവധി വർധിപ്പിക്കണം. ഇവ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളിലേക്കോ മറ്റ് വ്യവസായ ആവശ്യങ്ങളിലേക്കോ മാറ്റിവിടാൻ പാടില്ല.
പൊതുമേഖലാ ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ ഐഒസിഎൽ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവയ്ക്ക് ലഭിക്കുന്ന എൽപിജി പ്രധാനമായും ഗൃഹോപയോഗത്തിനായി വിതരണം ചെയ്യണമെന്നും സർക്കാർ നിർദേശിച്ചു.
അതോടൊപ്പം 2026ലെ പുതിയ പ്രകൃതിവാതക വിതരണ നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗൃഹോപയോഗ പിഎൻജി, സിഎൻജി സേവനങ്ങൾക്കും വള നിർമ്മാണശാലകൾക്കും പ്രകൃതിവാതക വിതരണം മുൻഗണന നൽകും. സിലിണ്ടർ സംഭരണം തടയുന്നതിനായി പുതിയ ബുക്കിംഗുകൾക്ക് 25 ദിവസത്തെ ഇടവേളയും നിർബന്ധമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രാജ്യത്തെ ഇന്ധനവിതരണത്തെ ബാധിക്കാതിരിക്കാനാണ് കേന്ദ്ര സർക്കാർ ഈ മുൻകരുതൽ നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
