ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി

ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി


ടെല്‍ അവീവ്: മേഖലയിലെ സുരക്ഷാസാഹചര്യം വഷളായ പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും എംബസി ആവശ്യപ്പെട്ടത്.

ഇസ്രായേല്‍ അധികൃതരും ഹോം ഫ്രണ്ട് കമാന്‍ഡും പുറത്തിറക്കുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എംബസി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. ഏറ്റവും പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭ്യമാകുമെന്നും അറിയിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ പൗരന്മാര്‍ തങ്ങള്‍ക്ക് സമീപമുള്ള സുരക്ഷാ ഷെല്‍ട്ടറുകളെയും സംരക്ഷിത കേന്ദ്രങ്ങളെയും കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണമെന്നും താമസസ്ഥലത്തിനോ ജോലി സ്ഥലത്തിനോ സമീപമുള്ള സുരക്ഷിത കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് അവയുടെ സമീപത്ത് തന്നെ തുടരാന്‍ ശ്രമിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇസ്രായേലിനുള്ളിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും എംബസി ആവശ്യപ്പെട്ടു. പ്രാദേശിക വാര്‍ത്തകള്‍, ഔദ്യോഗിക അറിയിപ്പുകള്‍, അടിയന്തര മുന്നറിയിപ്പുകള്‍ എന്നിവ നിരന്തരം നിരീക്ഷിക്കാനും പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യമുണ്ടായാല്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയുടെ 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും അറിയിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട ഇസ്രായേല്‍ അധികൃതരുമായി എംബസി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും സാഹചര്യം അനുസരിച്ച് കൂടുതല്‍ നിര്‍ദേശങ്ങളും വിവരങ്ങളും പുറത്തുവിടുമെന്നും എംബസി വ്യക്തമാക്കി.

ജൂണ്‍ 8-ന് പുറത്തിറക്കിയ ഈ ജാഗ്രതാ നിര്‍ദേശം, പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യന്‍ സമൂഹത്തിന് പ്രത്യേക പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.