ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം താൽക്കാലികമായി ശമിച്ചെങ്കിലും എണ്ണവിലയിലെ ചാഞ്ചാട്ടവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇപ്പോഴും പ്രധാന വെല്ലുവിളിയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച പുറത്തിറക്കിയ ഫിനാൻഷ്യൽ സ്റ്റബിലിറ്റി റിപ്പോർട്ടിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയും ഇറാനും തമ്മിൽ ഇടക്കാല സമാധാന ധാരണയായതോടെ പശ്ചിമേഷ്യയിലെ സംഘർഷം കുറയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, ഇറക്കുമതി ചെയ്യുന്ന എണ്ണയെയും മറ്റ് പ്രധാന അസംസ്‌കൃത വസ്തുക്കളെയും ഇന്ത്യ വലിയ തോതിൽ ആശ്രയിക്കുന്നതിനാൽ ആഗോള സംഭവവികാസങ്ങളുടെ ആഘാതം രാജ്യത്തെ ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
എണ്ണവില വീണ്ടും ഉയർന്നാൽ രൂപയുടെ വിനിമയ നിരക്കിൽ കൂടുതൽ അസ്ഥിരതയുണ്ടാകാനും വിതരണ ശൃംഖല സാധാരണ നിലയിലാകുന്നത് വൈകാനും സാധ്യതയുണ്ടെന്ന് ആർബിഐ വിലയിരുത്തി.
അതേസമയം, അമേരിക്ക-ഇറാൻ ഇടക്കാല സമാധാന ധാരണ വിതരണ ശൃംഖല സാധാരണ നിലയിലാകാൻ സഹായിക്കുമെന്നും അത് സാമ്പത്തിക വളർച്ചയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ടിന്റെ ആമുഖത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര, ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ പ്രതിരോധശേഷി പ്രകടിപ്പിച്ചതായി പറഞ്ഞു. മികച്ച സാമ്പത്തിക വളർച്ച, കുറഞ്ഞ പണപ്പെരുപ്പം, ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ശക്തമായ സാമ്പത്തിക അടിത്തറ എന്നിവ രാജ്യത്തിന്റെ ധനകാര്യ സ്ഥിരത നിലനിർത്താൻ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോർട്ടിലും രാജ്യത്തിന് മുന്നിലുള്ള വെല്ലുവിളികൾ ചൂണ്ടിക്കാട്ടി. സ്ഥിരതയില്ലാത്ത മഴ, രൂപംകൊള്ളുന്ന എൽ നിനോ പ്രതിഭാസം, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവ സാമ്പത്തിക വളർച്ചയെ ബാധിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായതോടെ ഖരീഫ് കൃഷിയുടെ വിത്തിടലിനെയും അത് ബാധിച്ചിട്ടുണ്ടെന്നും മഴക്കുറവ് ആശങ്കയുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള ദീർഘകാല പദ്ധതികൾക്ക് രാജ്യം കൂടുതൽ പ്രാധാന്യം നൽകേണ്ട സമയമാണിതെന്നും ധനമന്ത്രാലയം അഭിപ്രായപ്പെട്ടു.
ആകെ നോക്കമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ നിലയിൽ തുടരുന്നുണ്ടെങ്കിലും വ്യവസായ മേഖലയിലെ വളർച്ച മന്ദഗതിയിലാകുന്നതും പണപ്പെരുപ്പ സാധ്യതകളും പശ്ചിമേഷ്യയിലെ അനിശ്ചിതത്വവും വരും മാസങ്ങളിൽ സൂക്ഷ്മമായി നിരീക്ഷിക്കേണ്ട വിഷയങ്ങളാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പശ്ചിമേഷ്യൻ സംഘർഷം: എണ്ണവില ഉയർന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയെന്ന് ആർബിഐ
