ജാംനഗർ(ഗുജറാത്ത്): കൊളംബിയയെ വർഷങ്ങളായി അലട്ടുന്ന 'കൊക്കെയ്ൻ ഹിപ്പോകൾ' പ്രശ്‌നത്തിന് പരിഹാരവുമായി ഇന്ത്യയിൽ നിന്ന് ഒരു നിർദേശം. ഏഷ്യയിലെ സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയാണ് പ്രശസ്ത മയക്കുമരുന്ന് കടത്തുകാരൻ പാബ്ലോ എസ്‌കോബാർ വളർത്തിയിരുന്ന ഹിപ്പോകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തയ്യാറാണെന്ന് അറിയിച്ചത്.
1993ൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട എസ്‌കോബാർ അനധികൃതമായി ആഫ്രിക്കയിൽ നിന്ന് രണ്ട് ഹിപ്പോകളെ കൊളംബിയയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവ പിന്നീട് വംശവർധനവിലൂടെ നൂറുകണക്കിന് ആയി വളർന്നു. കൊളംബിയയിലെ പ്രധാന നദിയായ മഗ്ദലേന നദിയുടെ തീരപ്രദേശങ്ങളിൽ വ്യാപകമായി പരന്ന ഇവയെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ ഏകദേശം 80 ഹിപ്പോകളെ വധിക്കാനുള്ള പദ്ധതിയും സർക്കാർ പരിഗണിക്കുന്നു.
ഇതിനിടെ, ഗുജറാത്തിലെ ജാംനഗറിൽ പ്രവർത്തിക്കുന്ന സ്വകാര്യ മൃഗശാലയായ വൻതാരാ സൂവിലേക്ക് ഈ ഹിപ്പോകളെ മാറ്റിപ്പാർപ്പിക്കാമെന്ന് അനന്ത് അംബാനി അറിയിച്ചു. കൊളംബിയയുടെ പരിസ്ഥിതി മന്ത്രിക്കയച്ച കത്തിൽ, 'ഓരോ ജീവനും വിലപ്പെട്ടതാണ്, അവയെ സംരക്ഷിക്കുക നമ്മുടെ ഉത്തരവാദിത്വമാണ്' എന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
എസ്‌കോബാറിന്റെ ഹസിയൻഡ നാപോളസ് എന്ന സ്വകാര്യ എസ്റ്റേറ്റിലാണ് ആദ്യം ഈ ഹിപ്പോകളെ വളർത്തിയിരുന്നത്. പിന്നീട് ഇവ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വ്യാപിച്ചു. സ്വാഭാവിക ശത്രുക്കളുടെ അഭാവവും അനുയോജ്യമായ കാലാവസ്ഥയും കാരണം ഇവ വേഗത്തിൽ വർധിച്ചു.
പരിസ്ഥിതി പ്രവർത്തകരുടെ വിലയിരുത്തൽ പ്രകാരം, ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഹിപ്പോക്കൂട്ടമാണിത്. പ്രാദേശിക ജീവജാലങ്ങൾക്ക് ഭീഷണിയായ ഇവ മത്സ്യബന്ധന തൊഴിലാളികൾക്കു നേരെ ആക്രമണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, 3,500 ഏക്കറിൽ വ്യാപിച്ചിരിക്കുന്ന വൻതാരാ സൂയിൽ 2,000ലേറെ ജീവിവർഗങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, ചില ജീവികൾക്ക് ഗുജറാത്തിലെ ചൂടേറിയ കാലാവസ്ഥ അനുയോജ്യമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഹിപ്പോകളെ ഇന്ത്യയിലേക്ക് മാറ്റാനുള്ള നിർദേശത്തിൽ കൊളംബിയയുടെ തീരുമാനം എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണ് ലോകം.
എസ്‌കോബാറിന്റെ 'കൊക്കെയ്ൻ ഹിപ്പോകൾ'ക്ക് ഇന്ത്യയിൽ അഭയം? അനന്ത് അംബാനി മുന്നോട്ട് വച്ച നിർദേശം ശ്രദ്ധേയമാകുന്നു
