അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്‌സ് അഭ്യാസത്തിൽ ആദ്യമായി ഇന്ത്യൻ സൈന്യം; 'ബാറ്റിൽ ഇൻ ദ ബേ'യിൽ ശ്രദ്ധ നേടി കമാൻഡോകൾ

അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്‌സ് അഭ്യാസത്തിൽ ആദ്യമായി ഇന്ത്യൻ സൈന്യം; 'ബാറ്റിൽ ഇൻ ദ ബേ'യിൽ ശ്രദ്ധ നേടി കമാൻഡോകൾ


ഫ്‌ളോറിഡ:  അമേരിക്കയിലെ ഫ്‌ളോറിഡയിൽ നടന്ന പ്രമുഖ സ്‌പെഷ്യൽ ഫോഴ്‌സ് സൈനിക അഭ്യാസമായ 'സോഫ് വീക്ക് 2026'ൽ ആദ്യമായി പങ്കെടുത്ത് ഇന്ത്യൻ സൈന്യം. മേയ് 18 മുതൽ 21 വരെ ടാംപയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സായുധസേനാ സംഘത്തെ നയിച്ചത് ഇന്ത്യൻ സൈന്യത്തിന്റെ വെസ്റ്റേൺ കമാൻഡ് മേധാവിയും സീനിയർ സ്‌പെഷ്യൽ ഫോഴ്‌സ് ഓഫീസറുമായ ലെഫ്റ്റനന്റ് ജനറൽ പുഷപേന്ദ്ര പാൽ സിങ് ആയിരുന്നു.

'കാപെക്‌സ് കപ്പാബിലിറ്റി ഡെമൺസ്‌ട്രേഷൻ' എന്ന പ്രധാന സൈനിക പ്രകടനത്തിലാണ് ഇന്ത്യൻ സൈന്യം ആദ്യമായി പങ്കെടുത്തത്. ഭീകരവിരുദ്ധ ദൗത്യങ്ങൾ, അസാധാരണ യുദ്ധരീതികൾ, ഉയർന്ന മലനിരകളിലെ യുദ്ധസാഹചര്യങ്ങൾ, കാടുകളിലെ പോരാട്ടപ്രാവീണ്യം എന്നിവയിൽ ഇന്ത്യൻ സ്‌പെഷ്യൽ ഫോഴ്‌സിന്റെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനായി.

'ബാറ്റിൽ ഇൻ ദ ബേ' എന്ന പേരിൽ മേയ് 20ന് ടാംപ വാട്ടർഫ്രണ്ടിൽ നടന്ന തത്സമയ സൈനിക പ്രകടനത്തിൽ അമേരിക്കൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്‌സിനൊപ്പം പത്ത് പങ്കാളി രാജ്യങ്ങളിലെ സൈനികരും പങ്കെടുത്തു. ഇന്ത്യൻ കമാൻഡോകളുടെ ആദ്യ പങ്കാളിത്തം ശ്രദ്ധേയമായതായി വിലയിരുത്തപ്പെടുന്നു.

പരിപാടിക്കിടെ വിവിധ രാജ്യങ്ങളിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർമാരുമായി ഇന്ത്യൻ പ്രതിനിധിസംഘം ഉന്നതതല ചർച്ചകളും നടത്തി. സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനപരിചയങ്ങൾ പങ്കുവെക്കുന്നതിനും ഇത് സഹായകമായതായി അധികൃതർ അറിയിച്ചു.

ഇന്ത്യ-അമേരിക്ക പ്രതിരോധ ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണ് ഈ പങ്കാളിത്തമെന്ന് വിലയിരുത്തപ്പെടുന്നു. ആഗോള സ്‌പെഷ്യൽ ഓപ്പറേഷൻസ് തന്ത്രങ്ങളിലും സംയുക്ത പ്രവർത്തന ശേഷി വികസനത്തിലും ഇന്ത്യയുടെ പങ്ക് വർധിക്കുന്നതിന്റെ സൂചന കൂടിയാണിതെന്നും റിപ്പോർട്ടുകൾ പറയുന്നു.

70ലധികം രാജ്യങ്ങളിൽ നിന്നുള്ള സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകളും പ്രതിരോധ വിദഗ്ധരും പ്രതിരോധ വ്യവസായ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. അമേരിക്കൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.