ന്യൂഡല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി സനയെ 16-ാമത് ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തും. തകൈച്ചി പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, തന്ത്രപ്രധാന, പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക നീക്കമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സ്വാമി വിവേകാനന്ദന്റെയും മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെയും ആശയങ്ങള്‍ ഉദ്ധരിച്ച തകൈച്ചി ഇന്ത്യ- ജപ്പാന്‍ താത്പര്യം അനിവാര്യമാണെന്ന് എന്ന സന്ദേശമാണ് മുന്നോട്ടുവച്ചത്. സാംസ്‌കാരിക ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഈ സമീപനത്തിന്റെ അടിസ്ഥാനം സാമ്പത്തിക- സുരക്ഷാ സഹകരണമാണെന്നാണ് വിലയിരുത്തല്‍.
ജപ്പാന്റെ പുതുക്കിയ 'ഫ്രീ ആന്‍ഡ് ഓപ്പണ്‍ ഇന്‍ഡോ- പസഫിക്' കാഴ്ചപ്പാടിനെ ഇന്ത്യയുടെ 'മഹാസാഗര്‍' നയവുമായി തകൈച്ചി ബന്ധിപ്പിച്ചു. പ്രത്യേകിച്ച് വടക്കുകിഴക്കന്‍ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള അടിസ്ഥാനസൗകര്യ വികസനത്തിലൂടെയാണ് ഈ സഹകരണം കൂടുതല്‍ ശക്തമാകുന്നത്.
ജപ്പാന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിക്കുന്ന ധുബ്രി- ഫുല്‍ബാരി പാലം, ബംഗ്ലാദേശിലെ മാതര്‍ബാരി തുറമുഖം, അസമില്‍ നിന്ന് ബംഗ്ലാദേശ് വഴി ആസിയാന്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന വ്യാവസായിക വിതരണ ശൃംഖല എന്നിവ ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങളാണ്. ചൈനയെ ആശ്രയിക്കാത്ത ബദല്‍ വ്യാപാര- ഗതാഗത ഇടനാഴി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജപ്പാന്‍ ഈ അടിസ്ഥാനസൗകര്യ നിക്ഷേപങ്ങള്‍ നടത്തുന്നത്.
ഇന്ത്യയിലെ അഞ്ചാമത്തെ വലിയ വിദേശ നിക്ഷേപ രാജ്യമാണ് ജപ്പാന്‍. ഇതുവരെ ഏകദേശം 48 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ജപ്പാന്‍ ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 10 ട്രില്യണ്‍ യെന്‍ സ്വകാര്യ നിക്ഷേപം ലക്ഷ്യമിട്ടിട്ടുമുണ്ട്.
നിലവില്‍ ഏകദേശം 1,500 ജാപ്പനീസ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചൈനയുമായി ബന്ധപ്പെട്ട വ്യാപാര- ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി കമ്പനികള്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സെമികണ്ടക്ടറുകള്‍, നിര്‍ണായക ധാതുക്കള്‍, നിര്‍മിത ബുദ്ധി, പ്രതിരോധ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും പുതിയ സഹകരണ പ്രഖ്യാപനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനവും മലബാര്‍, ധര്‍മ്മ ഗാര്‍ഡിയന്‍ തുടങ്ങിയ സംയുക്ത സൈനിക അഭ്യാസങ്ങളും ഇന്ത്യ- ജപ്പാന്‍ പ്രതിരോധ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു.
ചൈനയുടെ വര്‍ധിച്ചുവരുന്ന പ്രാദേശിക സ്വാധീനവും അമേരിക്കയുടെ വ്യാപാരനയങ്ങളിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് ജപ്പാന്‍ ഇന്ത്യയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖല ഭാവിയിലെ സാമ്പത്തിക- തന്ത്രപ്രധാന സഹകരണത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയാണെന്നും നിരീക്ഷിക്കപ്പെടുന്നു.
ജപ്പാന്‍, ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ പിന്തുണയ്ക്കുന്ന ഭൗമരാഷ്ട്രീയ- സാമ്പത്തിക സഹകരണ ചട്ടക്കൂടാണ് ഫ്രീ ആന്‍ഡ് ഓപ്പണ്‍ ഇന്‍ഡോ-പസഫിക്. അന്താരാഷ്ട്ര സമുദ്രനിയമങ്ങള്‍ പാലിച്ചുള്ള സ്വതന്ത്ര നാവിഗേഷനും നിയമവാഴ്ചയും ഉറപ്പാക്കുക,
ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യ വികസനം, സ്വതന്ത്ര വ്യാപാരം, പ്രാദേശിക ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുക, സമുദ്രസുരക്ഷ, നിയമപാലന ശേഷി, പ്രകൃതിദുരന്തങ്ങളോടും മാനുഷിക പ്രതിസന്ധികളോടും പ്രതികരിക്കാനുള്ള പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
ഇന്ത്യ സന്ദര്‍ശനത്തിലൂടെ സാമ്പത്തികം, സുരക്ഷ, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യ വികസനം എന്നിവയെ ഉള്‍ക്കൊള്ളുന്ന വിപുലമായ ഇന്ത്യ- ജപ്പാന്‍ പങ്കാളിത്തത്തിന് പുതിയ ദിശ ലഭിക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.
