'കടൽമാർഗം ആക്രമിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി': ഓപ്പറേഷൻ സിന്ദൂരിൽ നേവി സജ്ജമായിരുന്നുവെന്ന് വെളിപ്പെടുത്തി നേവി മേധാവി

'കടൽമാർഗം ആക്രമിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി': ഓപ്പറേഷൻ സിന്ദൂരിൽ നേവി സജ്ജമായിരുന്നുവെന്ന് വെളിപ്പെടുത്തി നേവി മേധാവി


ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാനെതിരെ കടൽമാർഗം ആക്രമണം നടത്താൻ ഇന്ത്യ നാവികസേന നിമിഷങ്ങൾ മാത്രം അകലെ എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ നാവികസേന മേധാവി ദിനേശ് കെ ത്രിപാഠി. സൈനിക നടപടികൾ നിർത്തണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടതോടെ ആക്രമണം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

നേവൽ ഇൻവെസ്റ്റിച്ചർ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ നേവിയുടെ ശക്തിയും പ്രതിബദ്ധതയും തെളിയിച്ചതാണെന്നും, മുഴുവൻ സമയവും നേവി അത്യന്തം ആക്രമണ നിലപാടിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് 2025 മേയ് 7ന് ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യ ആരംഭിച്ചത്. 26 സാധാരണക്കാർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര ക്യാംപുകൾ ലക്ഷ്യമാക്കി ഇന്ത്യ ശക്തമായ സൈനിക നടപടി സ്വീകരിച്ചു.

ഓപ്പറേഷനിൽ 100ലധികം ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മൂന്നുദിവസം നീണ്ടുനിന്ന സംഘർഷം പിന്നീട് മേയ് 10ന് യുദ്ധവിരാമം പ്രഖ്യാപിച്ചതോടെയാണ് അവസാനിച്ചത്.

ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ നേവിയുടെ സജ്ജത പാകിസ്ഥാൻ നേവിയെ അവരുടെ തുറമുഖങ്ങളിലേക്കോ മക്രാൻ തീരത്തോടടുത്തോ ഒതുങ്ങാൻ നിർബന്ധിതമാക്കിയതായും നേവി മേധാവി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോഡിയോടൊപ്പം വെസ്റ്റേൺ സീബോർഡിൽ 17 മണിക്കൂർ നീണ്ട യാത്രയ്ക്കിടെ നേവിയുടെ പ്രവർത്തന ശേഷി നേരിട്ട് അവതരിപ്പിക്കാൻ കഴിഞ്ഞതും അഭിമാനകരമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.