മംദാനി തന്റെ ഉത്തരവാദിത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യ

മംദാനി തന്റെ ഉത്തരവാദിത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യ


ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്രാന്‍ മംദാനി അയച്ച കത്തിനോട് ശക്തമായ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തി. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ നീതിപീഠങ്ങളുടെ സ്വാതന്ത്ര്യത്തെ പൊതുപ്രതിനിധികള്‍ മാനിക്കണമെന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിന് പകരം തന്നെ ഏല്‍പ്പിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മംദാനി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.

വ്യക്തിപരമായ മുന്‍വിധികള്‍ പ്രകടിപ്പിക്കുന്നത് പദവിയിലുള്ളവര്‍ക്ക് യോജിച്ചതല്ല. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിനേക്കാള്‍ തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് മേയറായി ഔപചാരികമായി സത്യപ്രതിജ്ഞ ചെയ്ത ദിവസം മംദാനി ഉമര്‍ ഖാലിദിന് എഴുതിയ കുറിപ്പിന്റെ ചിത്രം ഖാലിദിന്റെ സുഹൃത്തായ ബാനോജ്യോത്സന ലാഹിരി പങ്കുവച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.

2025 ഡിസംബറില്‍ ഉമര്‍ ഖാലിദിന്റെ മാതാപിതാക്കള്‍ അമേരിക്ക സന്ദര്‍ശിച്ച സമയത്ത് മംദാനി തന്നെയാണ് ഈ സന്ദേശം അവര്‍ക്കു കൈമാറിയത്.

2020ലെ ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് ജനുവരി 5-ന് സുപ്രിം കോടതി ഉമര്‍ ഖാലിദിനും ശരീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചു. 

അതേസമയം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫാ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലീം ഖാന്‍, ഷാദാബ് അഹമ്മദ് എന്നിവര്‍ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു.