ന്യൂഡല്‍ഹി: വ്യോമസേനയ്ക്കു വേണ്ടി ഫ്രാന്‍സില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി ആറ് പി-8 ഐ പട്രോള്‍ വിമാനങ്ങളും വാങ്ങുന്നതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.
3.25 ലക്ഷം കോടി രൂപയ്ക്കാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്.
വ്യോമസേനയ്ക്ക് 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിരുന്നു. നാവിക സേനയ്ക്ക് 26 വിമാനങ്ങള്‍ക്കുള്ള കരാറും നല്‍കി. ഇതിന് പുറമെ 114 വിമാനങ്ങള്‍ കൂടി വാങ്ങുന്നത് വ്യോമസേനയുടെ കരുത്ത് കൂട്ടും. ഇരുപത് വിമാനങ്ങള്‍ ഫ്രാന്‍സ് നിര്‍മിച്ച് ഇന്ത്യയ്ക്ക് നല്‍കും. ഇതില്‍ 18 വിമാനങ്ങള്‍ പറക്കാന്‍ സജ്ജമായ നിലയിലുള്ളതാവും. ബാക്കിയുള്ള വിമാനങ്ങള്‍ ഇന്ത്യയിലാകും നിര്‍മിക്കുക.
