ന്യൂഡല്‍ഹി: കറാച്ചിയിലെ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ഇന്ത്യയെ ബന്ധപ്പെടുത്തി പാകിസ്ഥാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശക്തമായി തള്ളി ഇന്ത്യ. തെളിവുകളൊന്നും ഹാജരാക്കാതെയുള്ള ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മറ്റുള്ളവര്‍ക്കുനേരെ വിരല്‍ചൂണ്ടുന്നതിനുപകരം സ്വന്തം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകര ശൃംഖലകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് പാകിസ്ഥാന്‍ ചെയ്യേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കി.
കറാച്ചി ആക്രമണം 'ഇന്ത്യയുടെ പ്രോക്‌സി സംഘമാണ്' നടത്തിയതെന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെയും ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വിയുടെയും ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
കറാച്ചിയിലെ സമീപകാല സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ പാകിസ്താന്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തങ്ങള്‍ കണ്ടതായും അവയെ ഇന്ത്യ പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
മറ്റുള്ളവര്‍ക്കുനേരെ വിരല്‍ചൂണ്ടുന്നതിന് പകരം പാകിസ്ഥാന്‍ സ്വന്തം രാജ്യത്തിനകത്തേക്ക് നോക്കണമെന്നും തങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ശൃംഖലകള്‍ക്കെതിരെ വിശ്വസനീയമായ നടപടി സ്വീകരിക്കുകയും ഭരണനയത്തിന്റെ ഉപാധിയായി ഭീകരവാദത്തെ ആശ്രയിക്കുന്ന പ്രവണത അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രി കറാച്ചിയിലെ പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ പ്രവിശ്യാ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ വാക്കേറ്റം ശക്തമായത്.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് ആക്രമികളില്‍ ഒരാള്‍ റേഞ്ചേഴ്‌സ് ആസ്ഥാനത്തിന്റെ കവാടത്തിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടര്‍ന്നാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പാകിസ്താന്‍ സൈന്യം അറിയിച്ചു.
ആക്രമണത്തില്‍ മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാസേന നടത്തിയ തിരിച്ചടിയില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതായും അഫ്ഗാന്‍ പൗരനെന്ന് തിരിച്ചറിഞ്ഞ നാലാമത്തെ പ്രതിയെ ജീവനോടെ പിടികൂടിയതായും പാകിസ്ഥാന്‍ സൈന്യം അറിയിച്ചു.
