ഇറാനിലെ സംഘര്‍ഷം; എല്ലാ ഇന്ത്യന്‍ പൗരന്മാരും രാജ്യംവിടണമെന്ന് എംബസി നിര്‍ദേശം

ഇറാനിലെ സംഘര്‍ഷം; എല്ലാ ഇന്ത്യന്‍ പൗരന്മാരും രാജ്യംവിടണമെന്ന് എംബസി നിര്‍ദേശം


ടെഹ്‌റാന്‍: ഇറാനില്‍ രൂക്ഷമാകുന്ന പ്രതിഷേധങ്ങളും സുരക്ഷാ ആശങ്കകളും തുടരുന്നതിനിടെ, അവിടെ കഴിയുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരോടും ഉടന്‍ രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍, തീര്‍ത്ഥാടകര്‍, വ്യാപാരികള്‍, വിനോദസഞ്ചാരികള്‍ എന്നിവരടക്കം എല്ലാവരും ലഭ്യമായ ഗതാഗത സൗകര്യങ്ങള്‍, പ്രത്യേകിച്ച് വാണിജ്യ വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്കോ സുരക്ഷിതമായ മറ്റേതെങ്കിലും രാജ്യങ്ങളിലേക്കോ മടങ്ങണമെന്ന് എംബസി അറിയിച്ചു. പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാ-കുടിയേറ്റ രേഖകള്‍ എല്ലായ്‌പ്പോഴും കൈവശം സൂക്ഷിക്കണമെന്നും സഹായത്തിനായി എംബസിയെ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

ഇതിനൊപ്പം, ഇറാനിലേക്ക് ഇനി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം (എംഇഎ) പുതിയ അഡൈ്വസറിയില്‍ ആവര്‍ത്തിച്ചു. ജനുവരി 5ന് നല്‍കിയ മുന്നറിയിപ്പിന് തുടര്‍ച്ചയായാണ് ഈ രണ്ടാം നിര്‍ദേശം. പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇറാനിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും, അവിടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും എംഇഎ അറിയിച്ചു.

ഇറാനില്‍ ഇപ്പോഴും കഴിയുന്ന ഇന്ത്യക്കാരോട് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് തടസ്സം മൂലം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവരുടെ കുടുംബങ്ങള്‍ ഇന്ത്യയില്‍ നിന്ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. എംബസി അടിയന്തര സഹായത്തിനായി പ്രത്യേക ഫോണ്‍ നമ്പറുകളും ഇമെയില്‍ സംവിധാനവും സജീവമാക്കിയിട്ടുണ്ട്.

ഇറാനില്‍ പ്രതിഷേധങ്ങള്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍, അവിടെ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടികളെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.