'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തിൽ പാക്കിസ്ഥാനെ യുഎന്നിൽ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ

'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തിൽ പാക്കിസ്ഥാനെ യുഎന്നിൽ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ


ന്യൂയോർക്ക്: 'ഓപ്പറേഷൻ സിന്ദൂർ' സംബന്ധിച്ച് പാക്കിസ്ഥാൻ ഉയർത്തുന്ന 'തെറ്റായതും സ്വാർത്ഥപരവുമായ' ആരോപണങ്ങൾ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ ഇന്ത്യ ശക്തമായി തള്ളി. മേയ് മാസത്തിൽ നടന്ന സൈനിക നടപടികളെ കുറിച്ച് പാക്കിസ്ഥാൻ പ്രതിനിധി അവതരിപ്പിച്ച കഥ പൂർണമായും നുണയാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ്, ആരോപിച്ചു.

2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ 26 നിരപരാധികളായ പൗരന്മാരെ കൊലപ്പെടുത്തിയതായി ഹരീഷ് ചൂണ്ടിക്കാട്ടി. ക്രൂരമായ ഈ ആക്രമണത്തിന് ഉത്തരവാദികളായ സംഘാടകരെയും ധനസഹായകരെയും പിടികൂടണമെന്ന് സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടിരുന്നുവെന്നും അതനുസരിച്ചാണ് ഇന്ത്യ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പ്രതികരണം നിയന്ത്രിതവും ഉത്തരവാദിത്തപരവുമായിരുന്നുവെന്നും ഭീകര അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക മാത്രമാണ് ലക്ഷ്യമായിരുന്നതെന്നും ഹരീഷ് പറഞ്ഞു.

മേയ് 9 വരെ ഇന്ത്യയ്‌ക്കെതിരെ ആക്രമണ ഭീഷണി മുഴക്കിയ പാക്കിസ്ഥാൻ, മേയ് 10ന് സ്വന്തം സൈന്യത്തിലൂടെ വെടിനിർത്തൽ അഭ്യർഥിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ ആക്രമണത്തിൽ പാക്കിസ്ഥാനിലെ നിരവധി വ്യോമത്താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ പൊതുസമൂഹത്തിൽ ലഭ്യമാണെന്നും ഹരീഷ് പറഞ്ഞു.

ഭീകരവാദത്തെ ' സാധാരണ സംഭവം' എന്നനിലയിൽ ലഘൂകരിച്ചുകാണുന്ന പാക്കിസ്ഥാന്റെ ശ്രമങ്ങളെ ഇന്ത്യ ശക്തമായി വിമർശിച്ചു. 'ഭീകരവാദം ഒരിക്കലും സാധാരണമാക്കാൻ കഴിയില്ല. പാക്കിസ്ഥാൻ ഭീകരതയെ രാഷ്ട്രനയത്തിന്റെ ഉപകരണമാക്കി തുടരുന്നത് അംഗീകരിക്കാനാവില്ല,' അദ്ദേഹം പറഞ്ഞു.

ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആ വിഷയത്തിൽ പാക്കിസ്ഥാന് അഭിപ്രായം പറയാൻ അവകാശമില്ലെന്നും ഇന്ത്യ ആവർത്തിച്ചു. സിന്ധു നദീ ജലകരാർ താൽക്കാലികമായി നിർത്തിവച്ചത് പാക്കിസ്ഥാന്റെ തുടർച്ചയായ യുദ്ധങ്ങളും ഭീകരാക്രമണങ്ങളും മൂലമാണെന്നും, അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കുന്നതുവരെ കരാർ നിലനിർത്താനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.