ജനീവ: 1960-ല്‍ ഒപ്പുവെച്ച സിന്ധു ജലകരാര്‍ നിലവിലെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും അത് കാലഹരണപ്പെട്ടതാണെന്നും ഇന്ത്യ. അതേസമയം, തീവ്രവാദത്തെ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാക്കി വളര്‍ത്തിയ പാകിസ്താനെ 'ഫ്രാങ്കന്‍സ്റ്റൈന്‍ രാഷ്ട്രം' എന്ന് വിശേഷിപ്പിച്ച ഇന്ത്യ, അന്താരാഷ്ട്ര വേദികളില്‍ ഉഭയകക്ഷി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഇസ്ലാമാബാദിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലിന്റെ (യുഎന്‍എച്ച്ആര്‍സി) 62-ാമത് സമ്മേളനത്തില്‍ ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ച് സംസാരിക്കവെയാണ് യു എന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലെ ഫസ്റ്റ് സെക്രട്ടറി അനുപമ സിങ് നിലപാട് വ്യക്തമാക്കിയത്.
തീവ്രവാദത്തെ വിദേശനയത്തിന്റെ ഉപാധിയായി ഉപയോഗിക്കുന്ന ഒരു രാജ്യം സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആനുകൂല്യങ്ങള്‍ തുടര്‍ന്നും ആവശ്യപ്പെടുന്നത് യുക്തിരഹിതമാണെന്ന് അനുപമ സിങ് പറഞ്ഞു. ആറു പതിറ്റാണ്ടുകള്‍ക്കിടെ ലോകം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായ സാഹചര്യത്തില്‍ 1960-ല്‍ രൂപീകരിച്ച സാങ്കേതിക ക്രമീകരണത്തെ മാറ്റമില്ലാത്ത ശാശ്വത അവകാശമായി കാണാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിന്ധു ജലകരാര്‍ ഇന്ത്യ താത്ക്കാലികമായി മരവിപ്പിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന പിന്തുണ പാകിസ്താന് വിശ്വസനീയമായും ശാശ്വതമായും അവസാനിപ്പിക്കുന്നതുവരെ തീരുമാനം തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പാകിസ്താന്റെ 1.6 കോടി ഹെക്ടര്‍ കാര്‍ഷിക ഭൂമിയുടെ 80 ശതമാനവും സിന്ധു നദീതട സംവിധാനത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ആകെ ജല ഉപഭോഗത്തിന്റെ 93 ശതമാനവും ഇതുമായി ബന്ധപ്പെട്ടതാണ്.
പാകിസ്താന്റെ ഭീകരവാദവുമായി ബന്ധപ്പെട്ട നിലപാടുകളെയും ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചു. നിലവിലെ പ്രതിരോധ മന്ത്രി തന്നെ തീവ്രവാദികള്‍ക്ക് പരിശീലനവും അഭയവും നല്‍കുന്നത് സര്‍ക്കാര്‍ നയമാണെന്ന് തുറന്നുപറയുന്ന രാജ്യം തീവ്രവാദത്തിന്റെ ഇരയാണെന്ന് അവകാശപ്പെടുന്നത് വിരോധാഭാസമാണെന്ന് അനുപമ സിങ് പറഞ്ഞു.
സ്വയം സൃഷ്ടിച്ച രാക്ഷസന് തിരിച്ചടിക്കുമ്പോള്‍ ഞെട്ടുന്ന ഫ്രാങ്കന്‍സ്റ്റൈന്‍ രാഷ്ട്രത്തിന്റെ ജീവനുള്ള ഉദാഹരണമാണ് പാകിസ്താനെന്ന് അവര്‍ പറഞ്ഞു.
ജമ്മു കശ്മീരിനെക്കുറിച്ച് പാകിസ്താനും ഒ ഐ സി യും നടത്തിയ പരാമര്‍ശങ്ങളും ഇന്ത്യ തള്ളിക്കളഞ്ഞു. ആഭ്യന്തര പരാജയങ്ങളും തീവ്രവാദ പിന്തുണയും മറച്ചുവയ്ക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും അഭേദ്യവുമായ ഭാഗമാണെന്നും ഇന്ത്യയുടെ പ്രദേശങ്ങള്‍ പാകിസ്താന് അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമാത്രമാണ് പരിഹരിക്കപ്പെടാനുള്ള യഥാര്‍ഥ പ്രശ്നമെന്നും അനുപമ സിങ് വ്യക്തമാക്കി.
